കൊച്ചി: റാപ്പർ വേടൻ അറസ്റ്റിലായ പുലിപ്പല്ല് കേസിൽ വനംവകുപ്പിന്റെ അന്വേഷണം യു.കെയിൽ താമസിക്കുന്ന ശ്രീലങ്കൻ വംശജനായ രഞ്ജിത്തിലേക്ക്. ഇയാളാണ് പുലിപ്പല്ല് സമ്മാനിച്ചതെന്ന വേടന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണിത്. വേടനെ ഇന്നലെ പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു.
2022ൽ ചെന്നൈയിലെ സംഗീതനിശയ്‌ക്കു ശേഷം രഞ്ജിത്തും രണ്ട് സുഹൃത്തുക്കളുമെത്തി പുലിപ്പല്ല് സമ്മാനിച്ചെന്നാണ് മൊഴി. ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ടെങ്കിലും ഇയാളെ നേരിട്ട് അറിയില്ല. വർഷങ്ങൾക്ക് മുമ്പ് കുടുംബസമേതം യു.കെയിൽ കുടിയേറിയ രഞ്ജിത്തിന് വേടനുമായി ബന്ധമുണ്ടോയെന്നാണ് പ്രധാനമായും വനംവകുപ്പ് പരിശോധിക്കുന്നത്. ഇൻസ്റ്റാഗ്രാമിലെ ചാറ്റുകൾ വീണ്ടെടുത്താൽ പുലിപ്പല്ലിന്റെ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണവർ. രഞ്ജിത്താണ് പുലിപ്പല്ല് കൈമാറിയതെന്ന് വ്യക്തമായാൽ വേടനെതിരായ നായാട്ട് വകുപ്പ് ഒഴിവാക്കുമെങ്കിലും കൈവശം വച്ചതിനുള്ള കുറ്റംനിലനിൽക്കും.
തിങ്കളാഴ്ച രാത്രിയിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത വേടനെ കോടനാട് ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള മേക്കപ്പാല സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എ.ഡി.സി.എഫ് അഭയ് യാദവാണ് ചോദ്യംചെയ്തത്. വൈകിട്ട് അഞ്ചോടെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി. പിന്നാലെ കണിയാമ്പുഴയിലെ സ്വാസ് ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുത്തു. പുലിപ്പല്ല് വെള്ളികെട്ടിച്ച തൃശൂർ വിയ്യൂരിലെ സരസ ജുവലറിയിലാണ് ഇന്ന് തെളിവെടുപ്പ്.
പുലിപ്പല്ലാണെന്ന്
അറിയില്ലായിരുന്നു
പുലിപ്പല്ല് കൈവശംവച്ച കേസിൽ തെളിവു ശേഖരിക്കാൻ കസ്റ്റഡിയിൽ വേണമെന്ന വനം വകുപ്പിന്റെ ആവശ്യം പെരുമ്പാവൂർ കോടതി അംഗീകരിക്കുകയായിരുന്നു. യാഥാർത്ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്ന് വേടൻ കോടതിയിൽ അറിയിച്ചു. ഇന്ന് തന്റെ ആൽബം പുറത്തിറങ്ങുന്നതിനാൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. പുലിപ്പല്ല് എവിടെ നിന്നാണ് കിട്ടിയതെന്ന ചോദ്യത്തിന് 'ഇപ്പോഴൊന്നും പറയാൻ വകുപ്പില്ല മക്കളേ..." എന്നായിരുന്നു കോടതിയിൽ എത്തിച്ചപ്പോഴുള്ള മറുപടി. വൈകിട്ട് ആറോടെ ഫ്ളാറ്റിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴും വേടൻ പ്രതികരിച്ചു. തന്റെ പുതിയ പാട്ട് 'മോണോലോവ" എല്ലാവരും കേട്ട് അഭിപ്രായം പറയണമെന്നായിരുന്നു പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |