തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ ഇന്നലെ സർവ്വീസിൽ നിന്ന് വിരമിച്ചു. ഗതാഗതവകുപ്പ് സെക്രട്ടറിയും കെ.എസ്.ആർ.ടി.സി സി.എം.ഡിയുമായിരിക്കെയാണ് കെ.എസ്.ഇ.ബിയിലെത്തിയത്.
തിരുവനന്തപുരം ജില്ലാ കളക്ടർ, ഫുഡ് സേഫ്റ്റി കമ്മിഷണർ,വ്യവസായ വകുപ്പ് സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു. ഡെപ്യൂട്ടി കളക്ടറായി ജോലിയിൽ പ്രവേശിച്ച ബിജു പ്രഭാകറിന് 2004ലാണ് ഐ.എ.എസ് കൺഫർ ചെയ്തത്. സതേൺ റീജിയണൽ പവർകമ്മിറ്റി അദ്ധ്യക്ഷനായും തിരഞ്ഞെടുത്തിരുന്നു.
കെ.എസ്.ഇ.ബിയിൽ രാത്രിയും പകലുമുള്ള വൈദ്യുതി ഉപഭോഗത്തിന് വ്യത്യസ്ത നിരക്കുകൾ ഏർപ്പെടുത്തിയത് ബിജുപ്രഭാകർ ചെയർമാൻ ആയിരുന്നപ്പോഴാണ്. പ്രവർത്തനലാഭം കൈവരിക്കാനും പുരപ്പുറ സോളാർ വ്യാപകമാക്കാനും ബിജുവിനായി. ട്രാൻസ്ഫോർമർ ശേഷിയുടെ 90 ശതമാനം വരെ പുരപ്പുറ സോളാർ പദ്ധതിക്ക് അനുമതി നൽകി. നേരത്തെ ഇത് 75 ശതമാനമായിരുന്നു.
വേനൽക്കാലത്തെ വർദ്ധിച്ച ഉപഭോഗം മുന്നിൽ കണ്ട് സ്വാപ് കരാറുകളും ഹ്രസ്വകാല കരാറുകളും തയ്യാറാക്കാൻ മുൻകൈയെടുത്തു. പ്രതിസന്ധിയില്ലാതെ വേനൽക്കാല ഉപഭോഗം മറികടക്കാൻ ഇതിലൂടെ കഴിഞ്ഞു. ആദ്യമായി ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കാൻ തീരുമാനിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
35 വർഷത്തെ സർവ്വീസ് കാലത്ത് കീർത്തിയും അപകീർത്തിയും കാണേണ്ടിവന്നിട്ടുണ്ടെങ്കിലും തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തിയാണെന്ന് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |