തിരുവനന്തപുരം: സർക്കാർ-ഗവർണർ ബന്ധത്തിൽ നിർണായകമായേക്കാവുന്ന രണ്ട് സർവകലാശാലാ നിയമഭേദഗതിയടക്കം 3ബില്ലുകൾ രാജ്ഭവനിലെത്തിച്ചു. സർവകലാശാലകളിൽ പ്രോ ചാൻസലറായ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് കൂടുതൽ അധികാരം നൽകുന്നതിനുള്ളതാണ് 2ബില്ലുകൾ. യൂണിവേഴ്സിറ്റികളിലെ ഏത് ഫയലും മന്ത്രിക്ക് വിളിച്ചുവരുത്തി പരിശോധിക്കാനും നിയമനങ്ങളിലടക്കം ഇടപെടാനുമുള്ള ഭേദഗതിയാണ് ബില്ലുകളിൽ. വൈസ്ചാൻസലറുടെ ചുമതലകൾ ഗണ്യമായി കുറയ്ക്കുന്നുമുണ്ട്. സർക്കാരുമായി അനുനയത്തിലുള്ള ഗവർണർ ഈ 2ബില്ലുകളിൽ ഒപ്പിടുമോയെന്നത് നിർണായകമാണ്. .
രണ്ട് ബില്ലുകൾ നിയമമായാൽ സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാവുമെന്നും അക്കാഡമിക്, ഭരണപരമായ അധികാരങ്ങൾ സർക്കാരിനാവുമെന്നും നിരവധി പരാതികൾ ഗവർണർക്ക് ലഭിച്ചിട്ടുണ്ട്. ബില്ലുകളിൽ മൂന്നു മാസത്തിനകം ഗവർണർ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ബില്ലുകൾക്ക് അനുമതി നൽകുക, അനുമതി നിഷേധിക്കുക, രാഷ്ട്രപതിക്ക് അയയ്‌ക്കുക എന്നീ മൂന്നു നടപടികൾ ഗവർണർക്ക് സ്വീകരിക്കാം. അംഗീകാരം നൽകുന്നില്ലെങ്കിൽ, മൂന്നു മാസത്തിനുള്ളിൽ അക്കാര്യം സൂചിപ്പിക്കുന്ന സന്ദേശത്തോടെ തിരിച്ചയയ്‌ക്കണം.ആ ബില്ലുകൾ വീണ്ടും നിയമസഭ അതേപടി പാസാക്കിയാൽ അംഗീകരിക്കാൻ ഗവർണർ ബാദ്ധ്യസ്ഥനാണ്. അത് രാഷ്ട്രപതിക്ക് അയയ്ക്കാനാവില്ല. ഒരുമാസത്തിനകം അംഗീകാരം നൽകണം. അതിനാൽ കരുതലോടെയാവും ഗവർണറുടെ നീക്കങ്ങൾ.അതേസമയം, സ്വകാര്യസർവകലാശാലാ ബില്ലിൽ നിയമപരിശോധനയ്ക്ക്ശേഷം ഗവർണർ ഒപ്പിടാനാണിട. അതോടെ, വരുന്ന അദ്ധ്യനവർഷം കേരളത്തിൽ സ്വകാര്യസർവകലാശാലകൾ തുടങ്ങാനാവും.
.
സാദ്ധ്യത രാഷ്ട്രപതിക്ക് അയയ്ക്കാൻ
1)ചാൻസലറായ തന്റെ അധികാരം കുറയ്ക്കുന്നതടക്കം വ്യവസ്ഥകളുള്ളതിനാൽ രാഷ്ട്രപതിക്ക് അയയ്ക്കാനാണ് സാദ്ധ്യത.
2)ബില്ലുകളിൽ രാഷ്ട്രപതി മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
3)രാഷ്ട്രപതിയുടെ തീരുമാനം വൈകിയാൽ അതിനുള്ള കാരണം രേഖാമൂലം സംസ്ഥാന സർക്കാരിനെ അറിയിക്കണമെന്നാണ് ഉത്തരവ്
4)ബില്ലുകൾ രാഷ്ട്രപതിക്കയച്ചതിനും ,കാരണം പറയാതെ അനുമതി നിഷേധിച്ചതിനുമുള്ള കേരളത്തിന്റെ കേസുകളിൽ വിധി വരാനിരിക്കുകയാണ്.
അധികാരമാറ്റം ചിലേടത്ത് മാത്രം
മുഖ്യമന്ത്രി പ്രോചാൻസലറായ ഡിജിറ്റൽ, വകുപ്പുമന്ത്രിമാർ പ്രോചാൻസലർമാരായ ഫിഷറീസ്, വെറ്ററിനറി, നിയമം, ആരോഗ്യം, കാർഷിക സർവകലാശാലകളിൽ ഭേദഗതി ബാധകമല്ല.
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ യൂണിവേഴ്സിറ്രികളിലേക്കു മാത്രമായാണ് ഭേദഗതി. ചാൻസലറുടെ അഭാവത്തിൽ വി.സിക്കുള്ള അധികാരം മന്ത്രിക്കാക്കുന്നതും ഭേദഗതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |