മലപ്പുറം: എം.ഡി.എം.എ പിടികൂടുന്നതിനിടെ പ്രതിയുടെ ആക്രമണത്തിൽ എക്സൈസ് ഉദ്യോഗസ്ഥന് കൈയ്ക്ക് പരിക്ക്. കുറ്റിപ്പുറം എക്‌സൈസ് അസി. ഇൻസ്‌പെക്ടർ ഗണേഷിനാണ് പരിക്കേറ്റത്. കന്മനം തെക്കുമുറി സ്വദേശി ആയപറമ്പിൽ ഷാജഹാനെ (36,സോനു) കുറ്റിപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടർ പി.എം.അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം. പ്രതിയിൽ നിന്ന് 6.68 ഗ്രാം എം.ഡി.എം.എ പിടികൂടി. ഷാജഹാന്റെ വീട്ടിൽ ലഹരിഉത്പന്നങ്ങളുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. വീടിന്റെ പിറകിലൂടെ ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കത്തി വീശുകയായിരുന്നു. ഇതിനിടെ ഗണേഷിന് വലത് കൈയ്ക്ക് വെട്ടേറ്റു. ആക്രമണത്തിന് ഉപയോഗിച്ച കത്തി പിടിച്ചെടുത്തു. പ്രദേശത്ത് വലിയ രീതിയിൽ ലഹരി ഇടപാടുകൾ നടത്തുന്നയാളാണ് ഷാജഹാനെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗണേഷ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |