
ന്യൂഡൽഹി: ആളെ കാണാതായി ഏഴുവർഷം കഴിയാതെ, മരിച്ചുവെന്ന് കണക്കാക്കരുതെന്ന് സുപ്രീംകോടതി. വ്യക്തിയെ കാണാതായ ദിവസം മരിച്ചദിവസമായി കണക്കാക്കാനാകില്ലെന്നും നിരീക്ഷിച്ചു. നാഗ്പൂരിലെ മുനിസിപ്പൽ ജീവനക്കാരന്റെ മകന് ആശ്രിത നിയമനം അനുവദിച്ച ബോംബെ ഹൈക്കോടതി നടപടി റദ്ദാക്കികൊണ്ടാണ് ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, പി.ബി.വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. കാണാതായി ഏഴു വർഷമായിട്ടും ആളെപ്പറ്റി വിവരങ്ങൾ ലഭ്യമല്ലെങ്കിൽ മരിച്ചുപോയതായി കണക്കാക്കാമെന്നാണ് ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 108ൽ പറയുന്നത്. അതുതന്നെയാണ് പാലിക്കേണ്ടതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരൻ ഗുലാബ് മഹാഗു ബവൻകുലെയെ 2012 സെപ്‌തംബർ ഒന്നുമുതൽ കാണാതായിരുന്നു. 2012ൽ തന്നെ പിതാവ് മരിച്ചുപോയെന്ന് ചൂണ്ടിക്കാട്ടി മകൻ ആശ്രിത നിയമനത്തിന് അപേക്ഷിച്ചു. എന്നാലിത് മുനിസിപ്പൽ കോർപ്പറേഷൻ അംഗീകരിച്ചില്ല. ബോംബെ ഹൈക്കോടതിയെ സമീപിച്ച് മകൻ അനുകൂല വിധി നേടിയതോടെ കോർപ്പറേഷൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജീവനക്കാരനെ കാണാതായ ദിവസത്തെ, മരിച്ച ദിവസമായി കണക്കാക്കി ആശ്രിത നിയമനത്തിന് ഉത്തരവിട്ടതിൽ ബോംബെ ഹൈക്കോടതിക്ക് തെറ്റു പറ്റിയതായി സുപ്രീംകോടതി നിലപാടെടുത്തു. 2015 ജനുവരി 31 വരെ സർവീസ് കണക്കാക്കി ആറരലക്ഷത്തോളം രൂപയുടെ വിരമിക്കൽ ആനുകൂല്യങ്ങൾ ജീവനക്കാരന്റെ കുടുംബത്തിന് കോർപ്പറേഷൻ അനുവദിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |