കോടനാട്: മസ്തകത്തിലെ ആഴത്തിലുള്ള മുറിവും അണുബാധയുംമൂലം അവശ നിലയിലായിരുന്ന കാട്ടാന ചരിഞ്ഞു. കോടനാട് അഭയാരണ്യത്തിൽ വനംവകുപ്പിന്റെ തീവ്രപരിചരണത്തിലായിരുന്ന ആന ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ചരിഞ്ഞത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തൃശൂർ വെറ്ററിനറി സർവകലാശാലയിലെ ഡോ. ഡേവിഡിന്റെ നേതൃത്വത്തിലുള്ള സംഘം ആനയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്തു. തുടർന്ന് അഭയാരണ്യത്തിൽത്തന്നെ സംസ്കരിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് അതിരപ്പിള്ളി വാഴച്ചാൽ ഡിവിഷനിലെ വെറ്റിലപ്പാറയ്ക്ക് സമീപത്തുനിന്ന് 35വയസ് വരുന്ന കൊമ്പനെ ചീഫ് വൈൽഡ് ലൈഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവച്ച് പിടികൂടിയത്. മയങ്ങിവീണ കൊമ്പന് അടിയന്തര ചികിത്സ നൽകിയശേഷം കുങ്കിയാനകളുടെ സഹായത്തോടെ അനിമൽ ആംബുലൻസിൽ കോടനാട് അഭയാരണ്യത്തിൽ എത്തിക്കുകയായിരുന്നു.
മസ്തകത്തിലെ 30സെന്റീമീറ്ററോളം ആഴമുള്ള മുറിവിൽ പുഴുവരിച്ച് പഴുപ്പ് നിറഞ്ഞ നിലയിലായിരുന്നു. മുറിവുണങ്ങാനും പുഴുവരിക്കാതിരിക്കാനുമുള്ള മരുന്നുകൾ നൽകി. ആനയുടെ ശരീരം മരുന്നുകളോട് അതിവേഗം പ്രതികരിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസവും നന്നായി ഭക്ഷണം കഴിച്ചു. വെള്ളവും കുടിച്ചു. മുറിവ് ചികിത്സിച്ച് ഭേദമാക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് ചരിഞ്ഞത്. കാട്ടിൽ മറ്റ് ആനകളുമായി ഏറ്റുമുട്ടിയപ്പോഴാകാം മുറിവേറ്റത്. കോടനാട്ട് യൂക്കാലിപ്റ്റസ്, പൈൻ മരങ്ങൾ ഉപയോഗിച്ച് 6 മീറ്റർ ഉയരവും 5 മീറ്റർ നീളവും 4 മീറ്റർ വീതിയുമുള്ള കൂട്ടിലാണ് ആനയെ പാർപ്പിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |