കൊച്ചി: തേങ്ങ കിലോയ്ക്ക് 75രൂപ. വെളിച്ചെണ്ണ കിലോയ്ക്ക് 275രൂപ കടന്നു. കേരളത്തിൽ തേങ്ങയും വെളിച്ചെണ്ണയും തൊട്ടാൽ പൊള്ളുന്ന വിലയിൽ തുടരുന്നതിനുപിന്നിൽ തമിഴ്നാട് ലോബിയുടെ ഇടപെടലും ശക്തം. കർഷകർക്ക് വില കിട്ടുന്നുണ്ടെങ്കിലും ഉത്പാദനം കുറവായതിനാൽ നേട്ടമില്ല. തമിഴ്നാട്ടിൽ വരൾച്ചയായതോടെ വിളവ് കുറഞ്ഞു. ഇതോടെ കേരളത്തിൽ തമിഴ്നാട് ലോബി പിടി മുറുക്കി. നാഫെഡും അഗ്രി മാർക്കറ്റിംഗ് ബോർഡും തമിഴ്നാട്ടിൽ ഉയർന്ന വിലയ്ക്കാണ് തേങ്ങയും കൊപ്രയും സംഭരിക്കുന്നത്. അതുകൊണ്ട് അവിടെയുള്ള സ്വകാര്യലോബികൾ മുതലാകുന്ന വിലയ്ക്ക് കേരളത്തിൽ നിന്ന് തേങ്ങ സംഭരിക്കുന്നു. കാങ്കയം,പൊള്ളാച്ചി എന്നിവിടങ്ങളിലെ ഏജന്റുമാരാണ് പ്രധാനമായും രംഗത്തുള്ളത്. കൊപ്രാ ബിസിനസിന്റെ പ്രധാനകേന്ദ്രമായ കാങ്കയത്തേയ്ക്കാണ് കൂടുതൽ തേങ്ങ എത്തിക്കുക.
കർഷകർക്ക് സംതൃപ്തി
സർക്കാർ സംഭരണ സംവിധാനങ്ങൾ നൽകുന്നതിനേക്കാൾ തുക ലഭിക്കുന്നതിനാൽ
കേരളത്തിലെ കർഷകർക്ക് സംതൃപ്തി. റിസ്ക്കെടുക്കേണ്ടെന്നാണ് കർഷക ഫെഡറേഷനുകളുടെ പക്ഷം. കിലോയ്ക്ക് 55-65 രൂപയ്ക്ക് വിൽക്കും.
തിരിച്ചെത്തുന്ന
കൊപ്ര
കേരളത്തിലും തേങ്ങ ഉത്പാദനം കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും തെങ്ങിനുണ്ടാകുന്ന രോഗങ്ങളുമാണ് കാരണം. സർക്കാരിന്റെ കൃഷി പ്രോത്സാഹനവും കുറഞ്ഞു. അതിനാൽ വൻകിട മില്ലുകൾക്ക് തമിഴ്നാട് കൊപ്രയെ ആശ്രയിക്കേണ്ടിവരുന്നു. ഇവിടെനിന്ന് കൊണ്ടുപോയത് കൂടിയ വിലയ്ക്ക് തിരിച്ചെത്തും. തമിഴ്നാട്ടിലെ വെളിച്ചെണ്ണയും വിപണിയിലെത്തുന്നുണ്ട്. കൊപ്ര പൂഴ്ത്തിവച്ച് ലോബികൾ വിലക്കയറ്റമുണ്ടാക്കാറുമുണ്ട്.
നാഫെഡ് സംഭരണമില്ല
താങ്ങുവില താഴുകയും വില ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ നാഫെഡ് ഇടപെടും. ഇക്കൊല്ലം കൊപ്ര സംഭരിക്കില്ല.
നാളികേര ഉത്പാദനത്തിലും വിലയിലും ചാക്രിക പ്രവണതയാണുള്ളത്. നിലവിലെ സ്ഥിതി മാറാൻ രണ്ടുവർഷമെടുത്തേക്കും.
വി.സി. സൈമോൻ,
സ്റ്റേറ്റ് ഹെഡ്,
നാഫെഡ്.
കാങ്കയത്തെ ഏജൻസികൾ തേങ്ങയുടെ വലിപ്പച്ചെറുപ്പം നോക്കാതെ മൊത്തമായെടുക്കും. കർഷകർ തൃപ്തരാണ്.
ത്രിവിക്രമൻ നമ്പൂതിരി,
വെസ്റ്റ് കുറുമ്പ്രനാട് കേരകർഷക
ഫെഡറേഷൻ, കോഴിക്കോട്.
വിലയുണ്ട്, പക്ഷേ വിളവ് കുറവാണ്. 2000 തേങ്ങ വിറ്റിരുന്നവർക്ക് 500 എണ്ണം പോലും കിട്ടുന്നില്ല.
പി. സുദേവൻ, മുതലമട
ഫെഡറേഷൻ, പാലക്കാട്.
താങ്ങുവില
തേങ്ങ (കിലോ): 34 രൂപ
കൊപ്ര: 112രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |