ന്യൂഡൽഹി: ഏപ്രിൽ ഇരുപത്തിരണ്ടിനാണ് പഹൽഗാം ഭീകരാക്രമണം നടന്നത്. കൊച്ചി സ്വദേശിയടക്കം ഇരുപത്തിയാറ് പേർ കൊല്ലപ്പെട്ടു. ഭർത്താവിനെ കൊന്ന ഭീകരരോട് തന്നെയും കൊല്ലെന്ന് പറഞ്ഞ സ്ത്രീയോട്, നടന്നത് മോദിയോട് പോയി പറയാനായിരുന്നു ഭീകരർ അക്രോശിച്ചത്. ഇന്ത്യൻ വനിതകളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞവർക്ക് 'ഓപ്പറേഷൻ സിന്ദൂറിലൂടെ' ശക്തമായി ഇന്ത്യ തിരിച്ചടി നൽകിക്കൊണ്ടിരിക്കുകയാണ്. അതിർത്തികളിലെല്ലാം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യയുടെ കരുത്തുറ്റ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് പാകിസ്ഥാനിലെ എട്ട് സൈനിക കേന്ദ്രങ്ങളാണ് ആക്രമിച്ചത്.
പഞ്ചാബിലെ നിരവധി വ്യോമസേനാ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ സൈന്യം മിസൈലുകൾ പ്രയോഗിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജമ്മു കാശ്മീരിലെ മൂന്ന് വ്യോമസേനാ കേന്ദ്രങ്ങളും മെഡിക്കൽ സെന്ററുകളും സ്‌കൂളുകളും ആക്രമിക്കപ്പെട്ടു.
പാകിസ്ഥാന്റെ ആയുധ സംഭരണ മേഖലകൾ അടക്കമുള്ളവയാണ് ഇന്ത്യ ആക്രമിച്ചതെന്നാണ് വിവരം. തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മാത്രമാണ് ഇന്ത്യൻ സൈന്യം കൃത്യമായ ആക്രമണം നടത്തിയത്. അല്ലാതെ ജനവാസ മേഖലകൾ ആക്രമിച്ചിട്ടില്ല.
ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ സ്ഥലങ്ങളിൽ പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ ഇന്ത്യ ചെറുത്തുതോൽപ്പിച്ചു. അതിനുശേഷം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.
ശ്രീനഗർ മുതൽ ഗുജറാത്തിലെ നാലിയ വരെ 26 ലധികം സ്ഥലങ്ങളിൽ വ്യോമാക്രമണവും കൂടാതെ മറ്റ് ആക്രമണങ്ങളും നടന്നതായി വിംഗ് കമാൻഡർ വ്യോമിക സിംഗ് പറഞ്ഞു. 'ഇന്ത്യൻ സായുധ സേന ഈ ഭീഷണികളെ വിജയകരമായി നിർവീര്യമാക്കി. എന്നിരുന്നാലും, ഉധംപൂർ, പത്താൻകോട്ട്, ആദംപൂർ, ഭുജ് എന്നിവിടങ്ങളിലെ വ്യോമസേനാ സ്റ്റേഷനുകളിലെ ഉപകരണങ്ങൾക്കും ഉദ്യോഗസ്ഥർക്കും ചെറിയ നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.'- അവർ വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള നാലാമത്തെ റൗണ്ട് വിശദീകരണമായിരുന്നു ഇന്ന് നൽകിയത്. സാധാരണക്കാരെപ്പോലും വെറുതെ വിടാതെയാണ് പാകിസ്ഥാന്റെ പ്രകോപനം. ആദംപൂരിലെ ഇന്ത്യൻ എസ് 400 സംവിധാനങ്ങൾ, സൂറത്ത്ഗഢിലെയും സിർസയിലെയും വ്യോമസേനയുടെ താവളങ്ങൾ, നഗ്രോട്ടയിലെ ബ്രഹ്മോസ് ബേസ്, ചണ്ഡീഗഡിലെ വെടിമരുന്ന് സംഭരണി എന്നിവ നശിപ്പിച്ചതായി അവകാശപ്പെട്ടുകൊണ്ട് പാകിസ്ഥാൻ തുടർച്ചയായി തെറ്റായ പ്രചാരണം നടത്താൻ ശ്രമിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സൈനിക സ്ഥാപനങ്ങൾ, വൈദ്യുതി, സൈബർ സംവിധാനങ്ങൾ അടക്കമുള്ളവ നശിപ്പിച്ചെന്നോ, നശിപ്പിക്കുമെന്നോയുള്ള പാകിസ്ഥാന്റെ അവകാശവാദങ്ങളും അധികൃതർ തള്ളിക്കളഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |