ന്യൂഡൽഹി: പാകിസ്ഥാന് തിരിച്ചടി നൽകിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്താ സമ്മേളനത്തിലാണ് സ്ഥിരീകരണം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വ്യോമസേന വിംഗ്കമാൻഡർ വ്യോമിക സിംഗ് എന്നിവരായിരുന്നു വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. തിരിച്ചടിയുടെ ദൃശ്യങ്ങളും വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
വാർത്താ സമ്മേളനത്തിൽ പറഞ്ഞത്:
പാകിസ്ഥാന്റെ പ്രകോപനത്തിന് തക്കതായ മറുപടിയാണ് ഇന്ത്യ നൽകുന്നത്. ഇന്ത്യയുടെ സെെനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാക് ആക്രമണം നടത്തുന്നത്. പാക് പല ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം നടത്താൻ ശ്രമിച്ചു. ആക്രമണം ഇന്ത്യ ശക്തമായി എതിർത്തു. 26 ഇടങ്ങളിൽ ആക്രമണം ഉണ്ടായി. അന്താരാഷ്ട്ര വ്യോമപാത പാകിസ്ഥാൻ ദുരുപയോഗം ചെയ്തു. ഷെലിംഗും വെടിവയ്പ്പും ഡ്രോൺ ആക്രമണവും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടായി.
ഇതിന് പാക് സെെനിക താവളങ്ങൾക്ക് നേരെ ഇന്ത്യ തിരിച്ചടി നൽകിയിട്ടുണ്ട്. ആറ് പാക് സെെനിക താവളങ്ങളിലാണ് ആക്രമണം നടത്തിയത്. രണ്ട് വ്യോമതാവളങ്ങളും ഇന്ത്യ ആക്രമിച്ചു. പാകിസ്ഥാൻ തുടർച്ചയായി വ്യാജ വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. ഇന്ത്യയുടെ ബ്രഹ്മോസ് സംവിധാനം തകർത്തെന്ന് പറയുന്നത് നുണയാണ്. പാകിസ്ഥാൻ അതിർത്തിയിൽ സെെനിക വിന്യാസം വർദ്ധിപ്പിച്ചു.
ഇന്ത്യയുടെ വ്യോമതാവളങ്ങൾക്ക് നേരിയ കേടുപാടുകൾ ഉണ്ടായി. ശ്രീനഗർ, അവന്തിപോര എന്നിവിടങ്ങളിൽ പാകിസ്ഥാൻ ആക്രമണം നടത്തി. ഇപ്പോഴും ഇന്ത്യ ശ്രമിക്കുന്നത് സംഘർഷം ലഘൂകരിക്കാനാണ്. സെെനിക മെഡിക്കൽ സെന്ററും സ്കൂളുകളും പാകിസ്ഥാൻ ഉന്നമിട്ടു. ടെറിട്ടോറിയൽ ആർമിയെ അടക്കം സജ്ജരാക്കി ഇന്ത്യ ജാഗ്രതയോടെ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |