തിരുവനന്തപുരം: ലോക സുംബാ ഡാൻസ് ദിനമായ ഏപ്രിൽ 29ന് തിരുവനന്തപുരം
ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ ആയിരം സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മെഗാ സുംബാ ഡാൻസ് അരങ്ങേറും. വിദ്യാർത്ഥികളിൽ വ്യായാമം ഉറപ്പാക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണിത്. ലഹരിവിരുദ്ധ ബോധവത്കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പദ്ധതിയെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
പ്രീ പ്രൈമറി,പ്രൈമറി ക്ലാസുകളിൽ എസ്.സി.ഇ.ആർ.ടി രൂപപ്പെടുത്തിയിട്ടുള്ള ഹെൽത്തി കിഡ്സ് പദ്ധതി വരുന്ന അദ്ധ്യയനവർഷം നടപ്പാക്കും. അപ്പർ പ്രൈമറിതലത്തിൽ ആഴ്ചയിൽ മൂന്ന് ആരോഗ്യ,കായിക വിദ്യാഭ്യാസ പിരീഡുകളിൽ കുട്ടികൾക്ക് കളികളിലേർപ്പെടാൻ അവസരമുറപ്പാക്കും. അവസാന പിരീഡ് അദ്ധ്യാപകരുമായി ചേർന്ന് കുട്ടികൾക്ക് കായിക പ്രവർത്തനങ്ങൾക്ക് അവസരമുറപ്പാക്കും.
സ്‌കൂളുകളിൽ സ്‌പോർട്സ് ക്ലബുകളുടെ നേതൃത്വത്തിൽ ഇന്റർഹൗസ് /ഇന്റർക്ലാസ് കായികമത്സരങ്ങൾ സംഘടിപ്പിക്കും. ജില്ലാതലം വരെ ഒളിമ്പിക്സ് മാതൃകയിലുള്ള കായികമേള സംഘടിപ്പിക്കാൻ നടപടിയെടുക്കും. ആരോഗ്യ, കായികരംഗത്തെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി കുട്ടികൾക്ക് ചെയ്യാനാവുന്ന വ്യായാമങ്ങളുടെ ഡിജിറ്റൽ വീഡിയോകൾ തയ്യാറാക്കും.
സമ്പൂർണ്ണ കായികക്ഷമതാ പദ്ധതി കൂടുതൽ സജീവമായ നിലയിൽ പുന:രാരംഭിക്കുന്നതിനായി പ്രത്യേക ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് ബാറ്ററി രൂപീകരിക്കാൻ എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ട ആയിരം പൊതുവിദ്യാലയങ്ങളിൽ കായികപരിശീലനം നൽകാൻ പ്രത്യേക ഡേ ബോർഡിംഗ് സ്‌കീം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |