കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് വി.എസ്.ബിന്ദുകുമാരി തള്ളി. കഴിഞ്ഞ മൂന്നിന് പരിഗണിച്ച കേസ് എട്ടിലേക്കും പിന്നീട് 11 ലേക്കും വിധി പറയലിന് മാറ്റുകയായിരുന്നു.
കുട്ടികൾക്ക് ജാമ്യം കൊടുക്കണമെന്നാണ് ജുവനൈൽ ജസ്റ്റിസ് നിയമം. എന്നാൽ പ്രത്യേക സാഹചര്യം പരിഗണിച്ച് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷന് വേണ്ടി ഹാജരായ പ്രോസിക്യൂട്ടർ അഡ്വ.കെ.എൻ.ജയകുമാർ, മരിച്ച ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇഖ്ബാലിന് വേണ്ടി ഹാജരായ അഡ്വ. കെ.പി.മുഹമ്മദ് ആരിഫ്, അഡ്വ.യു.കെ.അബ്ദുൽ ജലീൽ എന്നിവരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി നടപടി.
സമൂഹത്തിന് തെറ്റായ സന്ദേശം നൽകുക, നീതിനിർവഹണം പരാജയപ്പെട്ടുവെന്ന ധാരണ പടർത്തുക, പുറത്തുവിട്ടാൽ മറ്റ് പ്രതികളുമായി കൂട്ടുകൂടുക എന്നീ പ്രത്യേക സാഹചര്യങ്ങളുള്ളതിനാൽ ജാമ്യം അനുവദിക്കാനാവില്ലെന്ന വാദമാണ് കോടതി അംഗീകരിച്ചത്. നഞ്ചക്ക് പോലുള്ള ആയുധങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ആക്രമണം നടത്തിയശേഷമുള്ള കുട്ടികളുടെ പെരുമാറ്റത്തിൽ നിന്ന് ആസൂത്രിത ആക്രമണമെന്ന സംശയമുണ്ടാക്കുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ ജാമ്യം അനുവദിക്കാവുന്ന സ്ഥിതിയല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
റിമാൻഡിൽ കഴിയുന്ന ആറു വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ നേരത്തെ ജുവൈനൽ ജസ്റ്റിസ് ബോർഡ് തള്ളിയിരുന്നു. തുടർന്നാണ് ഇവർ ജില്ലാ കോടതിയെ സമീപിച്ചത്. ഒരു മാസം മുമ്പാണ് സഹപാഠികളുടെ മർദ്ദനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |