തൃശൂർ: വിവാദങ്ങൾ കാർമേഘമായി ഉരുണ്ടു കൂടിയില്ല, ആർക്കും കലക്കാനാവാത്ത പൂരം മനുഷ്യ മഹാസമുദ്രത്തിൽ നിറഞ്ഞാടി. കണക്കുകൂട്ടലുകൾ തെറ്റിച്ചെത്തിയ ജനലക്ഷങ്ങൾ തൃശൂർ പൂരം പൂർണ്ണമാക്കി. മഴ പെയ്യരുതേയെന്ന പതിനായിരങ്ങളുടെ പ്രാർത്ഥന ഫലിച്ചു. പൊള്ളുന്ന തീച്ചൂടായിരുന്നു വെയിലിന്. അസ്തമയ സൂര്യന്റെ പൊൻപ്രഭയോടെയായിരുന്നു തെക്കേ ഗോപുര നടയിൽ കുടമാറ്റച്ചന്തം ആനപ്പുറമേറിയത്.
ആ കാഴ്ചയിൽ ആൾക്കടൽ ഇരമ്പിയാർത്തു. കോങ്ങാട് മധുവിന്റെ മഠത്തിൽ വരവ്, കിഴക്കൂട്ട് അനിയൻ മാരാരുടെ ഇലഞ്ഞിത്തറമേളം, തിരുവമ്പാടി -പാറമേക്കാവ് ദേവിമാരുടെ എഴുന്നള്ളിപ്പ്, ചെറുപൂരങ്ങളുടെ വരവ്... എല്ലാം കിറുകൃത്യം. മന്ത്രിമാരും എം.എൽ.എമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ദേവസ്വം ഭാരവാഹികളും ഓരോ നിമിഷവും പൂരത്തിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ പൂരത്തിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പാകപ്പിഴകളും പാളിച്ചകളും ഒഴിവാക്കാൻ ഭരണകൂടവും ഏറെ ശ്രദ്ധ പുലർത്തി.
പതിനഞ്ചാനകളുടെ അകമ്പടിയോടെ തിരുവമ്പാടി ഭഗവതി എഴുന്നള്ളിയപ്പോൾ സമയം രാവിലെ ഏഴ്. തിടമ്പേറ്റിയത് തിരുവമ്പാടി ചന്ദ്രശേഖരൻ. അതിനു മുൻപേ മഞ്ഞും വെയിലും ഏൽക്കാതെ വടക്കുന്നാഥനിലേക്ക് കണിമംഗലം ശാസ്താവ് പുറപ്പെട്ടു. ദേവഗുരുവായതിനാൽ വടക്കുന്നാഥനെ വണങ്ങുകയോ വലം വയ്ക്കുകയോ ചെയ്യാതെ ശാസ്താവ് തെക്കേ ഗോപുരം വഴി കയറി പടിഞ്ഞാറെ ഗോപുരനട വഴി മടങ്ങി. പതിനൊന്നോടെയായിരുന്നു ബ്രഹ്മസ്വം മഠത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ്. ഉച്ചയോടെ എട്ട് ഘടകക്ഷേത്രങ്ങളും മടങ്ങി. ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിന് ശേഷം തിരുവമ്പാടി വിഭാഗം വടക്കുന്നാഥന്റെ തിരുമുറ്റത്തെത്തുമ്പോഴേയ്ക്കും പതിനഞ്ചാനകളുമായി പാറമേക്കാവിലമ്മ പൂരത്തിനിറങ്ങി. രണ്ടരയോടെ ഇലഞ്ഞിച്ചുവട്ടിൽ പാറമേക്കാവിന്റെ പാണ്ടിമേളം കൊട്ടിക്കയറി. മേളപ്രേമികൾ നിർവൃതിയിലാണ്ടു. കുടമാറ്റം കഴിയുമ്പോൾ രാത്രി പൂരവും പുലർച്ചെയ്ക്കുള്ള വെടിക്കെട്ടും കാണാൻ ഒഴുകുകയായിരുന്നു ജനക്കൂട്ടം...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |