തിരുവനന്തപുരം : സംസ്ഥാനത്ത് പ്രമേഹരോഗികളിലെ മരണനിരക്ക് മൂന്നുവർഷത്തിനിടെ 8.88ശതമാനം ഉയർന്നു. പ്രമേഹം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടത്തെ തടസപ്പെടുത്തുന്നതാണ് മരണകാരണമാകുന്നത്.
സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് പുറത്തിറങ്ങിയ 2023ലെ മരണകാരണങ്ങളുടെ മെഡിക്കൽ സർട്ടിഫിക്കേഷൻ റിപ്പോർട്ടിലെ കണക്കാണിത്.
2023ൽ രജിസ്റ്റർ ചെയ്ത ആകെ മരണങ്ങളിൽ 20.45ശതമാനവും പ്രമേഹത്തെ തുടർന്നായിരുന്നു. 2021ൽ 11.57ശതമാനമായിരുന്നു. 2022ൽ 13.66%.
മരണത്തിലേക്ക് നയിക്കുന്ന ഹൃദ്രോഗമുൾപ്പെടെയുള്ളവ സാരമായി വർദ്ധിക്കുന്നില്ല. തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട് കോർപറേഷനുകൾ,ആലപ്പുഴ മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലെ 150ആശുപത്രികളെ കേന്ദ്രീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
പ്രമേഹത്തെ തുടർന്നുള്ള ഹൃദയാഘാതം, ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്,തുടങ്ങിയവയാണ് മരണത്തിലേക്ക് നയിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഹോർമോണുകളിലുണ്ടാകുന്ന വ്യതിയാനം കാരണമുണ്ടാകുന്ന ഹൈപ്പർ ടെൻഷനും മരണത്തിലേക്ക് തള്ളിവിടുന്നു. ഹൃദയം,രക്തക്കുഴലുകൾ,കണ്ണുകൾ,പാദങ്ങൾ,വൃക്കകൾ,ഞരമ്പുകൾ,പല്ലുകൾ എന്നിവയുടെ പ്രവർത്തനത്തെ പ്രമേഹം താളംതെറ്റിയ്ക്കും.
പ്രമേഹവും മരണവും
(വർഷം,ആകെ മരണം,പുരുഷൻമാർ,
സ്ത്രീകൾ എന്ന ക്രമത്തിൽ)
2023.............6624...........3890 (59%).............2734 (41%)
2022............5017............3099 (62.5%)...........1918 (37.5%)
2021...........4162...........2433(59%)..............1729 (41%)
തകരാറിലാവുന്നത്
വൃക്ക മുതൽ കരൾവരെ
അനിയന്ത്രിമായ പ്രമേഹം വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കും.
തലച്ചോറിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും സന്ദേശമെത്തിക്കുന്ന ഞരമ്പുകളെ തകരാറിലാക്കും.
ഡയബറ്റിക് ന്യൂറോപ്പതി കാലുകളിലെ ഞരമ്പുകളെയാണ് ബാധിക്കുന്നത്. കാലിൽ മുറിവുണ്ടായാൽ വേദന അനുഭവപ്പെടില്ല, മുറിവുണ്ടായ ഭാഗം മുറിക്കേണ്ടി വരും.
കരൾ പൂർണമായും തകരാറിലാകുന്ന അവസ്ഥയാണ് ലിവർ സിറോസിസ്.
കണ്ണിനു പിൻഭാഗത്തുള്ള ലൈറ്റ് സെൻസിറ്റീവ് കോശങ്ങളായ റെറ്റിനയുടെ രക്തക്കുഴലുകൾക്ക് കേടാക്കും.
ഭക്ഷണവും വ്യായമവും ക്രമീകരിച്ച് പ്രമേഹത്തെ ചെറുക്കാം.ഇത് സാദ്ധ്യമായില്ലെങ്കിൽ ഗുളികയും ഇൻസുലിനും ഉൾപ്പെടെ വേണ്ടിവരും. ജീവിതശൈലിയിൽ മാറ്റം വരുത്തി പ്രമേഹത്തിന്റെ സങ്കീർണതകളെ തടയാം.
-ഡോ.അഭിലാഷ് നായർ
അസോസിയേറ്റ് പ്രൊഫസർ
എൻഡോക്രൈനോളജി വിഭാഗം, തിരുവനന്തപുരം മെഡിക്കൽ കോളേജ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |