തിരുവനന്തപുരം : രോഗികളുടെ പ്രതിസന്ധികൾ തുറന്നടിച്ച യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കൽ ഇന്നലെ കോളേജ് കൗൺസിൽ യോഗം ബഹിഷ്കരിച്ചു. പ്രിൻസിപ്പൽ പി.കെ.ജബ്ബാർ വിളിച്ച യോഗം കാരണം അറിയിക്കാതെയാണ് ബഹിഷ്കരിച്ചത്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വകുപ്പ് മേധാവിമാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. യോഗത്തിൽ മേധാവിമാർ തന്നെ പങ്കെടുക്കണം പകരക്കാരെ അയക്കാനാകില്ല. ഇന്നലെ യോഗത്തിൽ പങ്കെടുത്ത മറ്റുള്ള വകുപ്പ് മേധാവിമാരാരും സാരമായ പ്രശ്നങ്ങളോ ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യങ്ങളോ ചൂണ്ടിക്കാട്ടിയില്ല. അതേസമയം യൂറോളജി ശസ്ത്രക്രിയ്ക്ക് ആവശ്യമായ ലാത്തോക്ലാസ്റ്റ് പ്രോബ് ഉപകരണം ഇന്ന് പുലർച്ചയോടെ എത്തുമെന്നാണ് വിവരം. ഹൈദരാബാദിൽ നിന്ന് വിമാനമാർഗമാണ് ഇതെത്തുന്നത്. ഉപകരണം ഇന്ന് ലഭ്യമാക്കുമെന്ന് എച്ച്.ഡി.എസ് അധികൃതർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ നേരത്തെ മാറ്റിവച്ച ശസ്ത്രക്രികൾ ഇന്നത്തേക്ക് ഡോ.ഹാരിസ് നിശ്ചയിച്ചിരുന്നു.
അഡ്മിനിസ്‌ട്രേഷന്റെ ബാലപാഠം അറിയാത്ത ആളുകളെയാണ് സൂപ്രണ്ടായും പ്രിൻസിപ്പലായും നിയോഗിക്കുന്നതെന്ന് ഡോ.ഹാരിസ് ഇന്നലെ പറഞ്ഞു. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെയും പ്രിൻസിപ്പലിനെതിരെയും അന്വേഷണം നടത്തണമെന്ന ആഗ്രഹം തനിക്കില്ല. അവരും സിസ്റ്റത്തിന്റെ ഭാഗമാണ്.മാറ്റി വച്ച
ശസ്ത്രക്രിയയ്ക്ക് രോഗികൾ വാർഡിൽ കാത്തിരിക്കുകയാണ്.ആരോപണത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചതിൽ തൃപ്തിയുണ്ട്. എത്രയും വേഗം റിപ്പോർട്ട് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |