തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ എറണാകുളം പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്‌ട് പ്രത്യേക (പിഎംഎൽഎ) കോടതിയിൽ രണ്ടാംഘട്ട കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ ഡി). സിപിഎമ്മിനെയും പാർട്ടിയുടെ തൃശൂർ ജില്ലയിലെ മൂന്ന് മുൻ സെക്രട്ടറിമാരെയും കേസിൽ പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. എം.എം വർഗീസ്, എ.സി മൊയ്‌തീൻ, കെ. രാധാകൃഷ്‌ണൻ എം.പി എന്നീ മുതിർന്ന നേതാക്കളെയാണ് പ്രതി സ്ഥാനത്ത് ഉൾപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ നിർമ്മൽ കുമാർ മോഷ പിഎംഎൽഎ കോടതിയിൽ സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ പുതുതായി 27 പ്രതികൾ കൂടിയുണ്ട്. ആകെ 83 പ്രതികളാണ് ഇതോടെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലുള്ളത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് കേവലം 24 ദിവസം മാത്രം ബാക്കിനിൽക്കെ ഇപ്പോൾ ഇഡി കുറ്റപത്രം സമർപ്പിച്ചത് സിപിഎമ്മിന് തലവേദനയാകും എന്നുറപ്പാണ്. ഇടത് സ്വതന്ത്രനായിരുന്ന പി വി അൻവർ രാജിവച്ചതോടെയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്ക് പോയത്. പ്രധാന സിപിഎം നേതാക്കളെല്ലാം പ്രതിസ്ഥാനത്തെത്തിയതോടെ ഇത് പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ സാദ്ധ്യതയേറി. ഇത് തിരഞ്ഞെടുപ്പ് വിജയത്തെയും വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കാൻ ഇടയുണ്ട്.
180 കോടി രൂപയുടെ തട്ടിപ്പാണ് കരുവന്നൂർ ബാങ്ക് കൊള്ളയിൽ നടന്നത്. ഇതിൽ 128 കോടി രൂപ ഇഡി കണ്ടുകെട്ടി. എട്ട് രാഷ്‌ട്രീയ നേതാക്കളാണ് കേസിൽ പ്രതിയായിട്ടുള്ളത്. ഇവരിൽ സിപിഎം മുൻ ജില്ലാ സെക്രട്ടറിമാരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |