കൊച്ചി: എംബ്രോയ്ഡറി ചെയ്ത ക്ലോക്ക് ഇടപ്പള്ളിക്കാരി ചിന്നു സെബാസ്റ്റ്യന് സമ്മാനിച്ചത് 'നല്ല സമയം". വിവിധ ഡിസൈനുകളിൽ ക്ളോക്കുകളുണ്ടാക്കി വിറ്റ് ലാഭം നേടുകയാണ് 35കാരി വീട്ടമ്മ.
എം. ടെക്കും ഇന്റീരിയർ ഡിസൈനിംഗും കഴിഞ്ഞ് കോട്ടയത്ത് എൻജിനിയറിംഗ് കോളേജിൽ അദ്ധ്യാപികയായിരിക്കെയായിരുന്നു ചിന്നുവിന്റെ വിവാഹം. ഭർത്താവ് അനിൽ ആന്റണിക്കൊപ്പം ദുബായിൽ താമസിക്കവെ 2019ൽ യൂട്യൂബ് നോക്കി എംബ്രോയ്ഡറി പഠിച്ചു. അതിൽ സന്തോഷവാനായ
അനിൽ 'ഇത് ക്ലോക്കിൽപരീക്ഷിച്ചുകൂടേ"യെന്ന് ചോദിച്ചു. ഇന്റീരിയർ ഡിസൈനർ കൂടിയായ അനിലിന്റെ നിർദ്ദേശത്തിൽ ചിന്നു ഒരു പരിശ്രമം നടത്തി. അങ്ങനെ ചെയ്ത ക്ലോക്ക് കണ്ടവർക്കെല്ലാം ഇഷ്ടമായി.
കൊവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയപ്പോൾ രണ്ടു ക്ലോക്കുകൾ കൂടിയുണ്ടാക്കി, ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം, വാട്‌സാപ് ഇടങ്ങളിൽ പോസ്റ്റ് ചെയ്തു. ആവശ്യക്കാർ എത്തിയതോടെ ക്ളോക്ക് നിർമ്മാണം വഴിത്തിരിവായി.
ഫൈബർ, പ്ലാസ്റ്റിക്, തടി ഫ്രെയിമുകളിലാണ് നിർമ്മാണം. 'ക്ലോക്ക് ഓൺ എ വാൾ' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഓർഡർ സ്വീകരിക്കുന്നത്. 1,500 മുതൽ 5,000 രൂപവരെ വില. 200നടുത്ത് ക്ലോക്കുകൾ വിറ്റു.രണ്ടാം ക്ലാസുകാരൻ ടോണിയും മൂന്നു വയസുകാരൻ ജോർജുമാണ് മക്കൾ.
സൂചിവരെ ഓൺലൈൻവഴി
ക്ലോക്കിന്റെ നിർമ്മാണത്തിന് ആവശ്യമായ ഡയലും സൂചികളും ഉൾപ്പെടെയുള്ള സാധനങ്ങളെല്ലാം ഓൺലൈനിലൂടെ വാങ്ങും. ക്ലോക്കിന്റെ വലിപ്പവും രൂപവും ഉള്ളിലെ നിറങ്ങളും ഡിസൈനുമെല്ലാം ആവശ്യക്കാരുടെ ഇഷ്ടമനുസരിച്ചാണ്. രണ്ടു മുതൽ അഞ്ചു വരെ ദിവസം വേണം ഒരു ക്ലോക്കുണ്ടാക്കാൻ. കൂട്ടിയോജിപ്പിച്ച് ക്ലോക്കാക്കി മാറ്റുമ്പോൾ സാങ്കേതികസഹായവുമായി അനിലും ഒപ്പംചേരും. സൂചികൾ എംബ്രോയ്ഡറി വർക്കിൽ തട്ടാതെ ഉയർന്നുനിൽക്കണം. അതിലാണ് പ്രത്യേക കരുതൽവേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |