കൊച്ചി: ആർഭാടങ്ങളുടെ പൂപ്പന്തലുകളെക്കാൾ അഴകുണ്ട് ഈ വീടുകൾക്ക്. എറണാകുളം പുത്തൻകാവിലെ എ.ഡി. ഉണ്ണിക്കൃഷ്ണനും ഡോ. എസ്.ആർ. സജീവും മക്കളുടെ വിവാഹച്ചെലവു ചുരുക്കിയ പണംകൊണ്ട് നിർമ്മിച്ചതാണിവ. ബാല്യകാലം മുതൽ ആത്മസുഹൃത്തുക്കളാണ് ഇവർ. പാവപ്പെട്ട രണ്ടു കുടുംബങ്ങൾ ഇവിടെ അന്തിയുറങ്ങും. വൈക്കത്തിനടുത്ത് ചെമ്പിലും കാട്ടിക്കുന്നിലും 10 ലക്ഷം രൂപവീതം ചെലവിലാണ് വീടുകൾ പണിതത്. ശേഷിക്കുന്ന മിനുക്കുപണികൾ വിവാഹത്തിനുമുമ്പ് തീർക്കും.
ഉണ്ണിക്കൃഷ്ണന്റെ മകനും ബഹുരാഷ്ട്ര കമ്പനിയിലെ ഉദ്യോഗസ്ഥനുമായ അരവിന്ദ് യു. ഉണ്ണിക്കൃഷ്ണനും സജീവിന്റെ മകളും ഫാക്ട് ഉദ്യോഗസ്ഥയുമായ അമൃതലക്ഷ്മിയും 11ന് ശിവഗിരി ശാരദാമഠത്തിൽ വിവാഹിതരാകും. അതേവേദിയിൽ വീടുകളുടെ താക്കോൽ കൈമാറും. പ്രണയിച്ചു വിവാഹിതരാകുന്ന മക്കൾക്ക് അച്ഛനമ്മമാരുടെ തീരുമാനം ഇരട്ടിസന്തോഷം. അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് ക്ഷണം. എങ്കിലും, ആഘോഷമാക്കാനാണ് ബന്ധുക്കളും നാട്ടുകാരും ആലോചിക്കുന്നത്.
പൂത്തോട്ട 1103ാം നമ്പർ എസ്.എൻ.ഡി.പി യോഗത്തിനു കീഴിലുള്ള ലാ കോളേജടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരും ശാഖാ പ്രസിഡന്റുമാണ് ഉണ്ണിക്കൃഷ്ണൻ. കളമശേരി അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സ്‌കീം റിട്ട. പ്രിൻസിപ്പലാണ് ഡോ. സജീവ്. ഇവരുടെ ആത്മബന്ധത്തിന് ജീവകാരുണ്യം വഴിവിളക്ക്. ഭാര്യമാരും ആത്മബന്ധുക്കൾ. ഉണ്ണിക്കൃഷ്ണന്റെ ഭാര്യ എ.കെ. സിന്ധുവും സജീവിന്റെ ഭാര്യ ഒ. രജിതയും പൂത്തോട്ട കെ.പി.എം.എസ് സ്‌കൂൾ അദ്ധ്യാപകരാണ്. ഇളയ മക്കളുടെ വിവാഹവും ഇതേരീതിയിൽ നടത്തണമെന്നാണ് ആഗ്രഹം.
തിരഞ്ഞെടുത്തത് സ്കൂൾ പി.ടി.എ
ജാതി-മത പരിഗണനയില്ലാതെ അർഹരായ കുടുംബങ്ങൾക്കായിരിക്കണം സഹായമെന്നു നിർബന്ധമുണ്ടായിരുന്നു. പൂത്തോട്ട സ്‌കൂളിലെ 1600 കുട്ടികളുടെ കുടുംബങ്ങളിൽനിന്ന് പി.ടി.എയാണ് തിരഞ്ഞെടുത്തത്. 500 ചതുരശ്രയടി വലിപ്പമുള്ള വീടുകളിൽ എല്ലാ സൗകര്യങ്ങളുമുണ്ട്. ജീവകാരുണ്യപദ്ധതികളിൽ പൂത്തോട്ട ശാഖ മാതൃകയാണ്. കൊവിഡിനു ശേഷം അർഹരായ 20 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാനുള്ള പദ്ധതിക്ക് രൂപം നൽകി. 14 വീടുകൾ പൂർത്തീകരിച്ചു. 100 പേർക്ക് പ്രതിമാസം 600 രൂപവീതം വർദ്ധക്യകാല പെൻഷനും ഭിന്നശേഷിക്കാരായ 10 പേർക്ക് 1000 രൂപവീതം സഹായവും നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |