മലപ്പുറം: കാളിക്കാവിൽ യുവാവിനെ കൊന്ന് ഭക്ഷിച്ച നരഭോജി കടുവയെ പിടികൂടാനുളള ദൗത്യം വനം വകുപ്പ് ആറാം ദിവസവും തുടരുകയാണ്. കടുവയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. യുവാവിനെ ആക്രമിച്ച അതേസ്ഥലത്തുതന്നെയാണ് കടുവയെ കണ്ടതെന്നും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് കടുവയുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. ഈ കടുവ സൈലന്റ് വാലിയിൽ നിന്നുള്ളതാണെന്നും വനം വകുപ്പിന്റെ ഡാറ്റ ലിസ്റ്റിലുള്ളതാണെന്നും ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് കടുവയെ പിടികൂടാനുള്ള ദൗത്യസംഘത്തിലുളളത്. കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് താപ്പാനകളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. പരിസരത്ത് സ്ഥാപിച്ച 50 ക്യാമറകളിലൂടെ കടുവയുടെ സാന്നിദ്ധ്യമുള്ള സ്ഥലം കണ്ടെത്താനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഇതിനുശേഷമാകും മയക്കുവെടിവയ്ക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുക. മൂന്ന് സംഘമായി തിരിഞ്ഞാണ് കടുവയ്ക്കായി നിലവിൽ തിരച്ചിൽ നടത്തുന്നത്.
വ്യാഴാഴ്ച പുലർച്ചയോടെയാണ് കല്ലാമൂല സ്വദേശി കളപ്പറമ്പിൽ ഗഫൂറലി(41) കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. കാളികാവ് അടക്കാക്കുണ്ട് റാവുത്തൻ കാട് എസ്റ്റേറ്റിലായിരുന്നു സംഭവം. സുഹൃത്തായ കല്ലാമൂല അബ്ദുസമദിനൊപ്പം രാവിലെ ആറോടെയാണ് ഗഫൂറലി തോട്ടത്തിലെത്തിയിരുന്നത്. അര മണിക്കൂറിന് ശേഷമായിരുന്നു കടുവയുടെ ആക്രമണം. പത്തുമീറ്റർ ദൂരത്തിൽ ഇരുവരുമുള്ളപ്പോഴാണ് ഗഫൂറലിക്ക് നേരെ കടുവ ചാടിവീണത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |