കാളികാവ്: ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ നരഭോജിക്കടുവ 53-ാം ദിവസം, വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. 13 വയസുള്ള പെൺകടുവയാണ് സുൽത്താന എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. തലയിൽ മുറിവേറ്റ് രക്തമൊലിക്കുന്ന നിലയിലായിരുന്നു. രാവിലെ എസ്റ്റേറ്റിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്. അവശനായ കടുവയെ അമരമ്പലം ആർ.ആർ.ടി ക്യാമ്പിലേക്ക് മാറ്റി. ചികിത്സ നൽകി ആരോഗ്യനില മെച്ചപ്പെടുന്നതോടെ മൃഗശാലയിലേക്ക് മാറ്റും.
മേയ് 15ന് രാവിലെ ഏഴോടെയാണ് നിലമ്പൂർ ചോക്കാട് കല്ലാമൂല സ്വദേശിയും ടാപ്പിംഗ് തൊഴിലാളിയുമായ ഗഫൂറിനെ കടുവ കൊന്നത്. പിന്നീടും കടുവയെ പലഭാഗങ്ങളിലും കണ്ടെങ്കിലും പിടികൂടാനായിരുന്നില്ല.
കടുവ കുടുങ്ങിയതറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർ കാട്ടിൽ തുറന്നു വിടില്ലെന്ന് ഉറപ്പ് നൽകിയാലേ കൊണ്ടുപോകാൻ അനുവദിക്കൂ എന്ന് നിലപാടെടുത്തു. ഫോറസ്റ്റ് റെയ്ഞ്ചർ പി.രാജീവ് ഇക്കാര്യം എഴുതി ഒപ്പിട്ടു നൽകിയ ശേഷമാണ് കൊണ്ടുപോകാൻ അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |