തിരുവനന്തപുരം: സിവിൽ സർവീസുൾപ്പെടെയുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കിടയിൽ പിടിമുറുക്കി ടെലഗ്രാം തട്ടിപ്പ് സംഘങ്ങൾ. യു.പി.എസ്.സി, എസ്.എസ്.സി പരീക്ഷകൾക്കുള്ള പഠനസാമഗ്രികൾ നൽകാമെന്ന് പറഞ്ഞാണ് സാമ്പത്തികത്തട്ടിപ്പുൾപ്പെടെ നടത്തുന്നത്.
പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ ടെലഗ്രാം ചാനലുകളെയും ഗ്രൂപ്പുകളെയുമാണ് കൂടുതൽ ആശ്രയിക്കുന്നത്. പരീക്ഷകളുടെ യഥാർത്ഥ ടെലഗ്രാം ചാനലുകളിൽ തട്ടിപ്പ് ഗ്രൂപ്പിന്റെ ലിങ്കിടുന്നതാണ് ആദ്യ പടി. 'ഈ ചോദ്യങ്ങൾ പഠിച്ചില്ലെങ്കിൽ ഒരിക്കലും നിങ്ങൾക്ക് വിജയിക്കില്ല..." എന്നതടക്കമുള്ള സന്ദേശങ്ങളുമെത്തും. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ മാൽവെയർ അല്ലെങ്കിൽ വൈറസ് ഫോണിൽ കയറും. തുടർന്നാണ് സ്വകാര്യ വിവരങ്ങളുൾപ്പെടെ ചോർത്തുന്നത്.
25, 49, 99 തുടങ്ങിയ തുകയ്‌ക്ക് ലഘു പാക്കേജുകൾ വാഗ്ദാനം ചെയ്താണ് സാമ്പത്തിക തട്ടിപ്പ് നടത്തുന്നത്. തുടർന്ന് സൗജന്യമായി മോക്ക് ടെസ്റ്റുകൾ നൽകി വിദ്യാർത്ഥികളെ ആകർഷിക്കും. പിന്നീടാണ് പെയ്ഡ് പാക്കേജുകൾ അവതരിപ്പിക്കുന്നത്.
കറന്റ് അഫേഴ്സ് മുതൽ ഭൂമിശാസ്ത്രം വരെയുള്ള വിഷയങ്ങളുടെ നോട്ടുകളും വീഡിയോകളും പ്രാക്ടീസ് ചോദ്യങ്ങളും വാഗ്ദാനം ചെയ്യും. എന്നാൽ പണമടച്ചാൽ പഠനസാമഗ്രികൾ ലഭിക്കില്ല. മറ്റ് ഗ്രൂപ്പുകളേക്കാൾ വിലക്കുറവിൽ ഒരുവർഷത്തെ പാക്കേജ് ലഭിക്കുമെന്ന് പറഞ്ഞും തട്ടിപ്പ് നടത്തുന്നുണ്ട്.
പിന്നിൽ ഉത്തരേന്ത്യൻ ലോബി
ഉത്തരേന്ത്യയിൽ നിന്ന് സിവിൽ സർവീസ് റാങ്ക് നേടിയവരുടെ ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ ഗ്രൂപ്പിലിട്ടാണ് ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നത്. പ്രമുഖർ മെന്ററാകുമെന്നും വാഗ്‌ദാനം ചെയ്യും. തങ്ങൾക്ക് ഡൽഹിയിൽ കോച്ചിംഗ് സെന്ററുണ്ടെന്നും ദക്ഷിണേന്ത്യയിലേക്ക് ഉടൻ വ്യാപിക്കുമെന്നും പറയും. കെണിയിൽ വീഴുന്നവരിലധികവും ആദ്യമായി മത്സരപ്പരീക്ഷ എഴുതുന്നവരാണ്.
അപരിചിത ലിങ്കുകൾ അപകടം
1. യഥാർത്ഥ ഗ്രൂപ്പുകളുമായി സാമ്യത തോന്നുന്ന പേരിലാകും തട്ടിപ്പ് ഗ്രൂപ്പ്. എന്നാൽ അക്ഷരത്തെറ്റുണ്ടായിരിക്കും. ഉദാഹരണത്തിന് O (ഒ) എന്നതിന് പകരം 0 (പജ്യം) ആകും നൽകുന്നത്.
2. അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
3. അറിയപ്പെടുന്ന ഗ്രൂപ്പുകളെ മാത്രം ആശ്രയിക്കുക
സൈബർഹെല്പ്നമ്പർ 1930
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |