
കൊച്ചി: മികവ് തെളിയിച്ച ഡോക്ടർമാർക്കുള്ള സംസ്ഥാനതല പുരസ്‌കാരങ്ങൾ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ(എ.എം.എ.ഐ) പ്രഖ്യാപിച്ചു.നിസ്തുലമായ സംഭാവനകൾ നൽകിയ മുതിർന്ന അംഗത്തിനുള്ള ഡോ.ടി.ഗോപിനാഥ് – ആയുർവേദ വിഭൂഷൺ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് ഡോ.ജി.വിനോദ് കുമാർ(എറണാകുളം) അർഹനായി.സെൻട്രൽ കൗൺസിൽ ഒഫ് ഇന്ത്യൻ മെഡിസിൻ മുൻ അംഗവും ആയുർവേദ കോളേജ് പഞ്ചകർമ്മ വിഭാഗം മുൻ മേധാവിയുമാണ് അദ്ദേഹം. 50,000 രൂപയാണ് പുരസ്‌കാരത്തുക.
ചികിത്സാരംഗത്തെ മികവിനും പുത്തൻ സമീപനങ്ങൾക്കുമുള്ള 'ഭിഷക് രത്‌ന" പുരസ്‌കാരത്തിന്(30,000 രൂപ) ഇ.എസ്.ഐയിൽ അസിസ്റ്റന്റ് ഇൻഷ്വറസ് മെഡിക്കൽ ഓഫീസറായി വിരമിച്ച ഡോ.എ.സൈനുലാബ്ദീൻ, മികച്ച യുവ ഡോക്ടർമാർക്കുള്ള 'ഭിഷക് പ്രതിഭ"ക്ക്(25,000 രൂപ) കോഴിക്കോട് തലക്കുളത്തൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോ.കെ.പ്രവീൺ, 'ആയുർവേദ പ്രചാരൺ" പുരസ്‌കാരത്തിന്(15,000 രൂപ) ഡോ.കെ.വത്സലാദേവിയും(എറണാകുളം) അർഹരായി.
സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിന് നേത്രരോഗ വിദഗ്ദ്ധൻ ഡോ.ശ്രീജിത്ത് മുക്കടക്കാട്ടും(പാലക്കാട്) ഭാരതീയ ചികിത്സാ വകുപ്പിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ഷൈജു ഒല്ലാക്കോടും(കോഴിക്കോട്) അർഹത നേടി.
മേയ് 3ന് വയനാട് വൈത്തിരിയിൽ നടക്കുന്ന 47ാം സംസ്ഥാന സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ നൽകുമെന്ന് എ.എം.എ.ഐ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എസ്.വിഷ്ണു നമ്പൂതിരി,ജനറൽ സെക്രട്ടറി ഡോ.പി.കെ.ഹരിദാസ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |