
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണം കെഎസ്.ഇ.ബിയുടെ ആസൂത്രണമില്ലായ്മയാണെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. 250 മെഗാവാട്ട് അടിയന്തിരമായി വാങ്ങാൻ അനുമതി നൽകിയുള്ള ഉത്തരവിലാണ് വേനൽക്കാല ആവശ്യകത മുൻകൂട്ടി കാണാത്തതിലെ പോരായ്മ ചൂണ്ടിക്കാട്ടിയത്.
കെ.എസ്.ഇ.ബിക്ക് വൈദ്യുതി വാങ്ങുന്നതിന് കോർ കമ്മിറ്റിയും ഓപ്പറേഷൻസ് കമ്മിറ്റിയുമൊക്കെയുണ്ടെങ്കിലും യാഥാർത്ഥ്യം വിലയിരുത്തുന്നതിൽ വീഴ്ചയുണ്ടായി. ദിവസേനയുള്ള വൈദ്യുതി ഉൽപാദനം,ആവശ്യകത, കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവ പരിശോധിച്ചുള്ള ആസൂത്രണത്തിൽ പോരായ്മ സംഭവിച്ചു. കമ്മീഷൻ ആവശ്യപ്പെട്ട വിവരങ്ങൾ പോലും കെ.എസ്.ഇ.ബി യഥാസമയം ഹാജരാക്കിയില്ല.
കാലാവസ്ഥാ വ്യതിയാനം, വേനൽ മഴയിലെയും എൽ.പി.ജിയുടെയും കുറവ് എന്നിവ വൈദ്യുതി ഉപഭോഗം വർദ്ധിപ്പിച്ചു. പീക്ക് സമയ ഉപഭോഗം കുറയ്ക്കുന്നതിന് ഉചിതമായ മാർഗങ്ങളും ബോധവൽക്കരണ നടപടികളും സ്വീകരിക്കാമായിരുന്നു. വേനൽക്കാല ആവശ്യകത വർദ്ധിക്കാത്ത സംസ്ഥാനങ്ങളിൽ നിന്ന് കൈമാറ്റ കരാറുകൾ വഴി വൈദ്യുതി ലഭ്യമാക്കുന്നതിലും വീഴ്ച വന്നു. വേനലിലെ വൈദ്യുതി പ്രതിസന്ധി കേരളത്തിൽ ആദ്യമല്ല. മുൻകാല അനുഭവങ്ങൾ മനസ്സിലാക്കി ക്രമീകരണമൊരുക്കേണ്ടതായിരുന്നു. 2024ലും സമാന സാഹചര്യമുണ്ടായി. ഇക്കൊല്ലം മാർച്ച് മാസത്തിന്റെ തുടക്കം തന്നെ വേനൽ മഴയിലെ കുറവ് പ്രകടമായി. പശ്ചിമേഷ്യയിലെ യുദ്ധം എൽ.പി.ജി ക്ഷാമവും രൂക്ഷമാക്കി.ഈ സാഹചര്യം നിരീക്ഷിച്ച് കാര്യക്ഷമമായ സംവിധാനം കെ.എസ്.ഇ.ബി ഒരുക്കിയില്ല.
കുതിച്ചുയർന്ന്
വൈദ്യുതി ഉപഭോഗം
വേനൽചൂടിൽ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതാണ് കേരളത്തിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. നേരത്തേയുണ്ടായിരുന്ന വിവിധ കരാറുകൾ വഴി ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവുണ്ടായതും ടേംഎഹെഡ് മാർക്കറ്റിൽ നിന്ന് വാങ്ങാൻ റെഗുലേറ്ററി കമ്മിഷൻ അനുമതി വൈകിയതും വൈദ്യുതി ക്ഷാമത്തിന് കാരണമായി കെ.എസ്.ഇ.ബി പറയുന്നു. ഓവർലോഡ് മൂലം ട്രാൻസ്ഫോർമറുകളും തകരാറിലാകുന്നുണ്ട്.
ഇതരസംസ്ഥാനങ്ങളിലും
വൈദ്യുതി കിട്ടാനില്ല
വേനൽ കനത്തതോടെ ഇതരസംസ്ഥാനങ്ങളിലും വൈദ്യുതി ആവശ്യകത കൂടി. രാജ്യത്തെ മൊത്തം വൈദ്യുതി ആവശ്യം കഴിഞ്ഞ ദിവസം 252.07 ജിഗാവാട്ട് എന്ന റെക്കാഡിലേക്ക് കുതിച്ചുയർന്നു. 2024-ൽ രേഖപ്പെടുത്തിയ 250 ജിഗാവാട്ടാണ് കടന്നത്.
കെ.എസ്.ഇ.ബി ഡാമുകളിലെ ജലനിരപ്പ്: 30.91 %
ശനിയാഴ്ചയിലെ പ്രതിദിന ഉപയോഗം: 115.075 ദശലക്ഷം യൂണിറ്റ്
പീക്ക് സമയ ഉപയോഗം: 5770 മെഗാവാട്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |