വാർത്താമൂല്യം കേരളകൗമുദിയെ വ്യത്യസ്തമാക്കുന്നു
തിരുവനന്തപുരം:പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും രാജ്യമാകെ ജനങ്ങളുടെ ഹൃദയത്തെ തൊട്ട സംഭവങ്ങളാണെന്നും അത്തരം സാഹചര്യങ്ങളിൽ മാദ്ധ്യമങ്ങൾ രാജ്യത്തിനൊപ്പം നിൽക്കണമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയവും മതതാത്പര്യങ്ങളും ആശയങ്ങളും ഉണ്ടെങ്കിലും അതെല്ലാം മാറ്റിവച്ച് രാജ്യസുരക്ഷയുടെ കാര്യം വരുമ്പോൾ ഒരുമിച്ച് നിൽക്കണം. ജനങ്ങളെ രാജ്യത്തിനൊപ്പം അണിനിരത്തേണ്ടത് മാദ്ധ്യമധർമ്മമാണ്. കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ.
പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ സംഭവങ്ങളും വ്യത്യസ്തമായ രീതിയിലാണ് മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്തത്. ചിലത് രാജ്യത്തിന്റെ പൊതുതാത്പര്യത്തിന് വിരുദ്ധവുമായിരുന്നു. ഭരണഘടനാശില്പിയായ അംബേദ്ക്കർ പറഞ്ഞതുപോലെ ഇന്ത്യ ഒന്നാമത്, ഇന്ത്യ അവസാനവും. അതിന് ശേഷമാണ് മറ്റെല്ലാംവരുന്നത്.
മൂല്യശോഷണം സംഭവിക്കുന്ന ഇക്കാലത്ത് വാർത്തകൾ നൂറ്ശതമാനം മൂല്യത്തോടെ നൽകുന്നതാണ് കേരളകൗമുദിയെ വ്യത്യസ്തമാക്കുന്നതും നൂറ് വർഷത്തിനപ്പുറം ശക്തിയോടെ നിലനിൽക്കാൻ പര്യാപ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് എഡിറ്റർ ദീപു രവി അദ്ധ്യക്ഷത വഹിച്ചു. സ്ഥാപന ലക്ഷ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെയാണ് ഇക്കാലമത്രയും നിലനിന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളകൗമുദി തുടങ്ങിയകാലത്ത് ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്.അടിച്ചമർത്തപ്പെടുന്നവരുടെയും പാർശ്വവൽക്കരിക്കപ്പെടുന്നവരുടെയും തുല്യ അവസരത്തിനും തുല്യഅവകാശത്തിനുമായി ഇന്നും നിലകൊള്ളുന്നതാണ് ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടൽ 'ഒാ,ബൈതാമര"യിൽ നടന്ന ചടങ്ങിൽ കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് സ്വാഗതം പറഞ്ഞു.വി.കെ.പ്രശാന്ത് എം.എൽ.എ.ആശംസ നേർന്നു.ചീഫ് മാനേജർ എസ്.വിമൽകുമാർ സംബന്ധിച്ചു. ഗവർണർക്ക് കേരളകൗമുദിയുടെ ഉപഹാരമായി ശ്രീപദ്മനാഭസ്വാമിയുടെ പ്രതിഷ്ഠാശില്പം ചീഫ് എഡിറ്റർ ദീപു രവി സമ്മാനിച്ചു.
സാമൂഹിക പുരോഗതിക്ക് മികച്ച സംഭാവനകൾ നൽകിയ എസ്.കെ.ഹോസ്പിറ്റൽ ചെയർമാൻ ആൻഡ് മാനേജിംഗ് പാർട്ണർ കെ.എൻ. ശിവൻകുട്ടി, കിംസ് ആശുപത്രി ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ജയപ്രകാശ് മാധവൻ,അമരാലയ റിസർച്ചർ ആൻഡ് ക്രിയേറ്റർ ശക്തി ബാബു, ഓറിയോൺ ഫൗണ്ടർ ആൻഡ് മാനേജിംഗ് ഡയറക്ടർ ശ്യാം.പി.പ്രഭു, എസ്.എൻ ഹെൽത്ത് കെയർ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.സുഷാന്ത് സുധാകർ, സഫയർ മാനേജിംഗ് ഡയറക്ടർ ഡോ.വി.സുനിൽകുമാർ, ഗുരുപത്മം സ്പൈൻ കെയർ സെന്റർ ഡയറക്ടർ ഡോ.ബി.റോബിൻഗുരുസിംഗ്, നാരായണ കോളേജ് ഒഫ് എൻജിനിയറിംഗ് ചെയർമാൻ ബാലാജി സിദ്ധാർത്ഥ്, ഭാരത്സേവക് സമാജ് വൈസ്ചെയർമാൻ ബി.എസ്.ഗോപകുമാർ,സരസ്വതി എന്റർപ്രൈസസ് മാനേജിംഗ് ഡയറക്ടർ വി.മോഹൻദാസ്, ബ്ലൂമൗണ്ട്പബ്ലിക് സ്കൂൾ ചെയർമാൻ ഡോ.കെ.വിജയൻ, ആകാൻഷ് ഫ്ളൈറ്റ്സ്കൂൾ ചെയർമാൻ ആൻഡ് സി.ഇ.ഒ.ക്യാപ്റ്റൻ ആകാൻഷ്.ഇ.വി, ബ്രഹ്മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിര ക്ഷേത്രം ചെയർമാൻ വി.ഉണ്ണികൃഷ്ണൻനമ്പൂതിരി, ലീഡ് ഐ.എ.എസ്.അക്കാഡമി ഡയറക്ടർ ഡോ.അനുരൂപ് സണ്ണി തുടങ്ങിയവർ ഗവർണറിൽ നിന്ന് അവാർഡുകൾ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |