തിരുവനന്തപുരം: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകര സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ടിന്റെ (ടി.ആർ.എഫ്) മേധാവി ഷെയ്ഖ് സജ്ജാദ് ഗുൽ, ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചത് മലപ്പുറത്താണെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഇപ്പോൾ 50 വയസുള്ള ഗുൽ, 25വർഷത്തോളം മുൻപാണ് കേരളത്തിൽ പഠിച്ചത്. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാൻ അക്കാലത്ത് ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിപ്പിച്ചിരുന്ന സ്ഥാപനങ്ങളിൽ ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തുന്നുണ്ട്.
പഹൽഗാം ഭീകരാക്രമണം അന്വേഷിക്കുന്ന സംഘമാണ് ഗുൽ പഠിച്ചത് കേരളത്തിലാണെന്ന വിവരം ഇന്റലിജൻസിന് കൈമാറിയത്. പ്രാഥമിക അന്വേഷണത്തിലാണ് മലപ്പുറത്താണ് പഠിച്ചതെന്ന് കണ്ടെത്തിയത്. ഇക്കാര്യം രേഖകൾ കണ്ടെത്തി ഉറപ്പിക്കേണ്ടതുണ്ടെന്ന് ഇന്റലിജൻസ് വ്യക്തമാക്കി.
കാശ്മീരിൽ ജനിച്ചുവളർന്ന ഗുൽ ശ്രീനഗറിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ബംഗളൂരുവിൽ പഠിച്ചശേഷമാണ് കേരളത്തിൽ ലാബ് ടെക്നിഷ്യൻ കോഴ്സിന് ചേർന്നത്. ലാബ് ടെക്നീഷ്യൻ പഠനം കഴിഞ്ഞ് ഇയാൾ കാശ്മീരിൽ ലാബ് സ്ഥാപിക്കുകയും തീവ്രവാദ സംഘങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തു.
ജയിൽമോചിതനായി പാകിസ്ഥാനിലെത്തി
2002ൽ 5 കിലോ ആർ.ഡി.എക്സുമായി ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഗുല്ലിനെ പിടികൂടിയിരുന്നു. നഗരത്തിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട് എത്തിയതായിരുന്നു
2003 ഓഗസ്റ്റ് ഏഴിനു 10വർഷം തടവിനു വിധിച്ചു. 2017ൽ ജയിൽ മോചിതനായശേഷം പാകിസ്ഥാനിലെത്തിയ ഇയാളെ ഐ.എസ്.ഐ ലക്ഷ്യമിടുകയും ലഷ്കറെയുടെ കീഴിൽ ടി.ആർ.എഫിന്റെ ചുമതല ഏൽപ്പിക്കുകയുമായിരുന്നു
തലയ്ക്ക് 10ലക്ഷം രൂപ
2020നും 2024നും ഇടയിൽ സെൻട്രൽ, സൗത്ത് കാശ്മീരിൽ നടന്ന പല ഭീകരാക്രമണങ്ങളുടെയും ആസൂത്രകൻ ഗുല്ലാണെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. പാകിസ്ഥാനിലെ റാവൽപിണ്ടി കേന്ദ്രമായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 2022 ഏപ്രിലിൽ ദേശീയ അന്വേഷണ ഏജൻസി ഗുല്ലിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. വിവരങ്ങൾ നൽകുന്നവർക്കു 10ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |