ദുബായ്: ലൈസന്‍സ് ഇല്ലാതെ അനധികൃതമായി റിക്രൂട്ട്‌മെന്റ് നടത്തിവന്നവര്‍ക്ക് പണി കൊടുത്ത് യുഎഇയിലെ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. ഇത്തരത്തില്‍ പ്രവര്‍ത്തിച്ചുവന്ന 77 സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ മന്ത്രാലയം പൂട്ടിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ നടത്തിയ പരിശോധനയില്‍ അനധികൃതമെന്ന് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അതോറിറ്റികളില്‍ നിന്നുള്ള ലൈസന്‍സ് ഇല്ലാതെ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് സേവനങ്ങളെ ഈ അക്കൗണ്ടുകള്‍ പ്രോത്സാഹിപ്പിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഗാര്‍ഹിക തൊഴിലാളി സേവനങ്ങള്‍ക്കായി ലൈസന്‍സും അംഗീകാരവുമുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ മാത്രം സമീപിക്കണമെന്ന് കുടുംബങ്ങളോടും തൊഴില്‍ ഉടമകളോടും മന്ത്രാലയം അഭ്യര്‍ഥിച്ചു. യു.എ.ഇയിലുടനീളം ലൈസന്‍സുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ പേരും സ്ഥലവും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഏജന്‍സികളെ സമീപിക്കുമ്പോള്‍ വിശ്വാസ്യതയുള്ളവരെ സമീപിക്കണമെന്ന നിര്‍ദേശമാണ് മന്ത്രാലയം നല്‍കിയിരിക്കുന്നത്.
രാജ്യത്തെ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ ലൈസന്‍സും അംഗീകാരവും ഉണ്ടെന്ന് ഉറപ്പ് നല്‍കിയാണ് ഇത്തരം സമൂഹ മാദ്ധ്യമ അക്കൗണ്ടുകള്‍ തൊഴിലാളികളെയും തൊഴിലുടുമകളെയും വഞ്ചിക്കുന്നത്. ഇത്തരത്തില്‍ അനധികൃത റിക്രൂട്ട്‌മെന്റിന്റെ പേരില്‍ പണം പിരിച്ച് പാവപ്പെട്ടവരെ വഞ്ചിക്കുന്ന പ്രവര്‍ത്തി ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |