അബുദാബി: ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലം സ്വദേശി അതുല്യയെ (30) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവിധേയനായ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു സതീഷ്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചു.
ഒരുവർഷം മുൻപാണ് സതീഷ് ജോലിയിൽ പ്രവേശിച്ചത്. തനിക്ക് രണ്ടര ലക്ഷം രൂപ ശമ്പളമുണ്ടെന്ന് നേരത്തെ സതീഷ് വ്യക്തമാക്കിയിരുന്നു. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മദ്യപിച്ച് ഓഫീസിലെത്തിയതിന് സതീഷിന് താക്കീത് ലഭിച്ചിരുന്നതായി ഒപ്പം ജോലി ചെയ്തയാൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. മദ്യപിച്ച് വിദേശത്ത് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. ഡ്യൂട്ടിക്ക് കൃത്യമായി ഹാജരായിരുന്നില്ലെന്നും ഒപ്പം ജോലി ചെയ്തയാൾ പറഞ്ഞിരുന്നു.
അതുല്യയെ കൊലപ്പെടുത്തിയതാണെന്ന അമ്മ തുളസീഭായിയുടെ പരാതിയിൽ തെക്കുംഭാഗം പൊലീസ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അതുല്യയുടെ മരണം പ്രത്യേക പൊലീസ് സംഘമാണ് അന്വേഷിക്കുന്നത്. ചവറ എസ്എച്ച്ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സതീഷിനെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. തെക്കുംഭാഗം എസ്ഐ എൽ നിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഴിഞ്ഞ ദിവസം അതുല്യയുടെ വീട്ടിലെത്തി മാതാവ് തുളസീഭായിയുടെ മൊഴി രേഖപ്പെടുത്തിയത്. കൊലപാതകക്കുറ്റത്തിന് പുറമേ സ്ത്രീധന പീഡനം, കെെ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരിക്കേൽപിക്കൽ തുടങ്ങിയ ആറിലധികം വകുപ്പുകളും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |