കൊച്ചി: ഭർത്താവ് മരിച്ച യുവതിയെ ഭർതൃവീട്ടിൽ നിന്ന് ഇറക്കിവിടാനാകില്ലെന്ന് ഹൈക്കോടതി. കൊട്ടേക്കാട് സ്വദേശിനിയുടെ പരാതിയിൽ, ഭർത്താവിന്റെ വീട്ടിൽ തുടരാനുള്ള പാലക്കാട് സെഷൻസ് കോടതിയുടെ ഉത്തരവ് ശരിവച്ചാണ് ജസ്റ്റിസ് എം.ബി. സ്‌നേഹലതയുടെ വിധി. 2009ലാണ് യുവതിയുടെ ഭർത്താവ് മരിച്ചത്. യുവതിയും കുട്ടിയും അതിനുശേഷവും ഭർതൃവീട്ടിൽതന്നെ തുടർന്നു. എന്നാൽ, ഭർത്താവിന്റെ അമ്മയുടെയും സഹോദരങ്ങളുടെയും ശല്യം തുടങ്ങിയതോടെ സംരക്ഷണം തേടി പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. ഇതിനെതിരെ നൽകിയ അപ്പീലിൽ സെഷൻസ് കോടതി അനുകൂല ഉത്തരവുനൽകി.
ഭർത്താവ് മരിച്ച ശേഷം യുവതി സ്വന്തം വീട്ടിലാണെന്നും അതിനാൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള സംരക്ഷണത്തിന് അവകാശമില്ലെന്നുമായിരുന്നു ഭർതൃവീട്ടുകാരുടെ വാദം. എന്നാൽ ഭർത്താവിനും കുട്ടിക്കുമൊപ്പം ജീവിച്ച വീട്ടിൽ ഭാര്യക്ക് അവകാശമുണ്ടെന്നും വീടിന്റെ ഉടമസ്ഥത കണക്കിലെടുക്കാതെ താമസിക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.
യുവതിക്ക് സ്വന്തമായി വീടുണ്ടെന്നും മാതാപിതാക്കളുടെ വീട്ടിലാണിപ്പോൾ താമസിക്കുന്നതെന്നുമുള്ള വാദവും കോടതി അംഗീകരിച്ചില്ല. യുവതിയെ പുറത്താക്കാൻ ശ്രമിച്ചതിനും ഗാർഹിക പീഡനത്തിനും തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |