
ക്ലീനിക്കൽ ഫീസുകൾ പ്രദർശിപ്പിക്കണം
പരാതികൾ ഡി.ജി.പിക്ക് നേരിട്ടുനൽകാം
കൊച്ചി: അത്യാസന്ന നിലയിൽ എത്തുന്നവരുടെ ജീവൻ രക്ഷിക്കാനാവശ്യമായ അടിയന്തര ചികിത്സ നൽകുന്നതിൽ ഒരാശുപത്രിയും വീഴ്ച വരുത്താൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പണം മുൻകൂർ ലഭിച്ചില്ലെന്ന് സ്വാകാര്യ ആശുപത്രികളും നിഷ്കർഷിക്കരുത്. രേഖകൾ കൈവശമില്ലെന്ന കാരണത്താലും ചികിത്സ നിഷേധിക്കരുത്. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് ഇവരെ മാറ്റുമ്പോൾ സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരിയും വി.എം. ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
2018ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമവും ചട്ടങ്ങളും ശരിവച്ച സിംഗിൾബെഞ്ച് ഈ ഉത്തരവ് ചോദ്യംചെയ്യുന്ന അപ്പീലുകൾ തള്ളിക്കൊണ്ടാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും ഐ.എം.എ കേരളഘടകവുമടക്കമാണ് അപ്പീലുകൾ നൽകിയിരുന്നത്.
സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമം ഭരണഘടനയ്ക്ക് അനുസൃതമാണെന്നും രാജ്യാന്തര നിലവാരത്തിന് അനുയോജ്യമാണെന്നും കോടതി നിരീക്ഷിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ ആശുപത്രികൾക്കും ഉത്തരവ് ബാധകമാണ്.
ആശുപത്രികളിലും ബന്ധപ്പെട്ട വെബ്സൈറ്റുകളിലും ചികിത്സാഫീസും പാക്കേജുകളുടെ തുകയും രോഗികളുടെ അവകാശങ്ങളുടെ വിവരങ്ങളും പ്രദർശിപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും അറിയിപ്പുകൾ നൽകണം. എല്ലാ ആശുപത്രികളിലെയും ജീവനക്കാരുടെ സമഗ്ര വിവരങ്ങൾ രജിസ്ട്രേഷൻ അതോറിട്ടിക്ക് സമർപ്പിക്കണം.
ചികിത്സാന്യൂനത സംബന്ധിച്ച പരാതികൾ ഉപഭോക്തൃകോടതിയിലും തട്ടിപ്പ്, വഞ്ചനാപരാതികൾ പൊലീസിലും സമർപ്പിക്കാം. ഗുരുതരസ്വഭാവമുള്ള പരാതികൾ രോഗികൾക്ക് ചീഫ് സെക്രട്ടറിക്കോ സംസ്ഥാന പൊലീസ് മേധാവിക്കോ നേരിട്ട് നൽകാമെന്നും കോടതി വ്യക്തമാക്കി. എല്ലാ സ്ഥാപനങ്ങളും നിർദ്ദേശങ്ങൾ പാലിക്കുമെന്ന ഉറപ്പ് ജില്ല രജിസ്ട്രേഷൻ അതോറിട്ടിക്ക് 30 ദിവസത്തിനകം രേഖാമൂലം നൽകണം. അതോറിട്ടി 60 ദിവസത്തിനകം പരിശോധന നടത്തി വീഴ്ച വരുത്തുന്നവർക്കെതിരേ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി.
ബില്ലും റിപ്പോർട്ടും
കൈമാറണം
1. ലഭ്യമായ സേവനങ്ങളും ഫീസ് വിവരങ്ങളും ആശുപത്രിയിലും വെബ്സൈറ്റിലും നൽകണം. ബ്രോഷറുകളും ഇറക്കണം
2. കിടക്കകൾ, ഐ.സി.യു, ആംബുലൻസ് തുടങ്ങിയ വിവരങ്ങളും ഫോൺ നമ്പറുകളും പ്രദർശിപ്പിക്കണം
3. ബില്ലുകൾ, സ്കാനിംഗ് തുടങ്ങിയ പരിശോധനാറിപ്പോർട്ടുകൾ എന്നിവയെല്ലാം ഡിസ്ചാർജ് സമയത്ത് കൈമാറണം
പരാതി പരിഹാരം
നിർബന്ധം
പരാതി പരിഹാര സംവിധാനം എല്ലാ ആശുപത്രികളിലും നിർബന്ധമാണ്. പരാതി നൽകേണ്ട ഉദ്യോഗസ്ഥന്റെ പേര്, ഫോൺനമ്പർ, ഇ-മെയിൽ, ഡി.എം.ഒ ഹെൽപ് ലൈൻ നമ്പറുകൾ എന്നിവ പ്രദർശിപ്പിക്കണം. പരാതിക്ക് രസീത് നൽകുകയും ഏഴുദിവസത്തിനകം തീർപ്പാക്കുകയും വേണം. പ്രതിമാസ റിപ്പോർട്ട് ഡി.എം.ഒയ്ക്ക് സമർപ്പിക്കണം. തീർപ്പാകാത്ത പരാതികൾ ജില്ല രജിസ്ട്രേഷൻ അതോറിട്ടിയുടെ (ഹെൽത്ത്) തീർപ്പിന് വിടണം. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ആശുപത്രികളുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാം. പരാതിക്കാർക്ക് സിവിലായും ക്രിമിനലായും പരിഹാരം തേടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |