തിരുവനന്തപുരം: കേരള ആട്ടോ മൊബൈൽസിലെ നിയമനങ്ങളെയും ക്രമക്കേടുകളെയും സംബന്ധിച്ച് പുനരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു.
പത്ത് വർഷം തുടർച്ചയായി കേരള ആട്ടോ മൊബൈൽസിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നിർദേശം മറയാക്കി അനധികൃത നിയമനങ്ങൾ നടത്തിയെന്നാരോപിച്ച് മണക്കാട് കൊഞ്ചിറവിള സുജി നിവാസിൽ
സുജിത്ത് എം.എസ് തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ കോടതി ജഡ്ജി മുമ്പാകെ ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്.
കെ.എസ്.ആർ.ടി.സിയിലും ഗൾഫിലും തമിഴ്നാട്ടിലെ കമ്പനിയിലും മറ്റും ജോലി ചെയ്തവരുൾപ്പെടെ നിരവധി പേർക്ക് അനധികൃതമായി കേരള ആട്ടോ മൊബൈൽസിൽ സ്ഥിര നിയമനം നൽകിയത് ചോദ്യം ചെയ്തായിരുന്നു ഹർജി. ഇത് സംബന്ധിച്ച് മുമ്പ് വിജിലൻസ് അന്വേഷിച്ചിരുന്നെങ്കിലും മതിയായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന കാരണത്താൽ അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ട് സുജിത്ത് കോടതിയെ സമീപിച്ചത്. വ്യാജ രേഖകളും സർട്ടിഫിക്കറ്റുകളും നൽകിയാണ് ഇവരിൽ പലരും നിയമനം നേടിയതെന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം വിജിലൻസ് എസ്.പിക്കാണ് അന്വേഷണ ചുമതല. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ അജിതാ വി.കെ, കെ.ബിജുലാൽ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |