തിരുവനന്തപുരം: ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ഇന്ന് ആദരിക്കും. 'മലയാളം വാനോളം, ലാൽസലാം" എന്ന ചടങ്ങ് വൈകിട്ട് 5ന് സെൻട്രൽ സ്റ്റേഡിയത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ആദരം
സമർപ്പിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
കവി പ്രഭ വർമ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി മോഹൻലാലിന് നൽകും. ഗായിക ലക്ഷ്മി ദാസ് പ്രശസ്തിപത്രം കവിത ചൊല്ലും. പൊലീസ്, ഗതാഗതം, ഫയർ ഫോഴ്സ്, നഗരസഭ, ആരോഗ്യ വകുപ്പുകളുടെ ഏകോപനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ. ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനാകും. മന്ത്രിമാരായ സജി ചെറിയാൻ, കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ. റഹീം, ജോൺ ബ്രിട്ടാസ്, ആന്റണി രാജു എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ജോഷി തുടങ്ങിയവർ സംബന്ധിക്കും.
തുടർന്ന് മോഹൻലാലിനുള്ള കലാസമർപ്പണമായി ടി.കെ.രാജീവ് കുമാർ സംവിധാനം ചെയ്ത 'രാഗം മോഹനം" അരങ്ങേറും. മോഹൻലാലിന്റെ നടന ചാതുരിക്ക് അർപ്പണമായി കഥകളി ആചാര്യൻ കലാമണ്ഡലം സുബ്രഹ്മണ്യൻ ആശാൻ 'തിരനോട്ടം" അവതരിപ്പിക്കും. മോഹൻലാൽ ചിത്രങ്ങളിലെ അവിസ്മരണീയ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീത പരിപാടിയിൽ എം.ജി. ശ്രീകുമാർ, സുജാത, സിതാര, മഞ്ജരി, ജ്യോത്സ്ന, മൃദുല വാരിയർ, നിത്യ മാമ്മൻ, സയനോര, രാജലക്ഷ്മി, റിമി ടോമി, നന്ദിനി, രഞ്ജിനി ജോസ്, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ ആലാപനവുമായി എത്തും. മോഹൻലാലും ഗാനം ആലപിക്കും. മോഹൻലാലിന്റെ നായികമാരായി വേഷമിട്ടിട്ടുള്ള ശോഭന, മീന, ഉർവശി, മേനക, മാളവിക മോഹൻ, രഞ്ജിനി, അംബിക, മീരാ ജാസ്മിൻ എന്നിവരും ആശംസകളർപ്പിക്കും.
വാർത്താസമ്മേളനത്തിൽ കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ.മധു, എം.ഡി പി.എസ്.പ്രിയദർശനൻ, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.മധുപാൽ, ടി.കെ.രാജീവ്കുമാർ എന്നിവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |