തിരുവനന്തപുരം:മലയാളിയുടെ സിവിൽ സർവീസ് എന്ന പേരിൽ സംസ്ഥാന സർക്കാർ അവതരിപ്പിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന്റെ (കെ.എ.എസ്) തിളക്കം കുറയുന്നു. ഇക്കുറി നടന്ന പ്രാഥമിക പരീക്ഷ എഴുതിയവരിൽ ഒരു ശതമാനത്തിനു പോലും മുഖ്യ പരീക്ഷയ്ക്ക് അവസരം ലഭിച്ചിട്ടില്ല.
പ്രാഥമിക പരീക്ഷ എഴുതിയ 97,204 പേരിൽ 0.69 ശതമാനം ഉദ്യോഗാർത്ഥികളേ അർഹതാപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളൂ.നേരിട്ടു നിയമനം നടത്തുന്ന സ്ട്രീം ഒന്നിൽ 308 പേരും ഗസറ്റഡ് ഉദ്യോഗസ്ഥരല്ലാത്തവർക്കുള്ള സ്ട്രീം രണ്ടിൽ 211 പേരും ഗസറ്റഡ് ഉദ്യോഗസ്ഥർക്കുള്ള സ്ട്രീം മൂന്നിൽ 158 പേരുമാണ് ഉൾപ്പെട്ടത്. ആകെ 3 സ്ട്രീമിലുമായി 677 പേർക്ക് മാത്രമാണ് അർഹത ലഭിച്ചത്. ഓരോ സ്ട്രീമിലും ഉയർന്ന കട്ട് ഓഫ് മാർക്ക് നിശ്ചയിച്ചിരുന്നു. വിവരണാത്മക രീതിയിലുള്ള കടുകട്ടി മുഖ്യപരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞ് റാങ്ക് ലിസ്റ്റ് വരുമ്പോൾ 20ൽ താഴെ മാത്രമേ നിയമനം നടക്കൂവെന്നാണ് വിലയിരുത്തൽ.റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർത്ഥികളെ പരമാവധികുറയ്‌ക്കുക എന്നതാണ് പി.എസ്.സി വെട്ടിനിരത്തലിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് ആക്ഷേപം.
റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം കുറഞ്ഞതാണ് അർഹതാപട്ടിക ചുരുക്കാൻ കാരണമെന്ന് പി.എസ്.സി പറയുന്നു. ഒക്ടോബർ 17, 18 തീയതികളിലാണ് മുഖ്യപരീക്ഷ.
കെ.എ.എസിന്റെ ആദ്യ പരീക്ഷ നാല് ലക്ഷം പേർ എഴുതുകയും അർഹതാപട്ടിക സ്ട്രീം ഒന്നിൽ 2160 പേരെയും സ്ട്രീം രണ്ടിൽ 1048 പേരെയും സ്ട്രീം മൂന്നിൽ 773 പേരെയും ഉൾപ്പെടുത്തുകയും ചെയ്‌തിരുന്നു. അതേസമയം, രണ്ടാമത്തെ മുഖ്യപരീക്ഷയെഴുതാൻ ആയിരം പേർക്കുപോലും അവസരമില്ലെന്നത് വിവേചനമാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |