
മാണിയാട്ട് (കാസർകോട്): കോറസ് കലാസമിതി ആതിഥ്യമരുളുന്ന എൻ.എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച നാടകം കാണാൻ എത്തുന്ന മുഴുവൻ പ്രേക്ഷകർക്കും നൽകുന്ന സമൂഹ സദ്യ തയ്യാറാക്കുന്നതിനുള്ള ഉൽപ്പന്നങ്ങൾ നാടിന്റെ നാനാഭാഗത്തു നിന്നും മാണിയാട്ട് നാടക ഗ്രാമത്തിലേക്ക് എത്തിത്തുടങ്ങി. കൊടക്കാട് പന്തിഭോജനം നടത്തിയതിന്റെ സ്മരണക്കായാണ് കഴിഞ്ഞ 11 വർഷവും നാടക ഗ്രാമത്തിൽ സമൂഹ സദ്യ നൽകിവരുന്നത്.
നാടകം കാണാൻ എത്തുന്നവർ മുഴുവൻ വിഭവസമൃദ്ധമായ സദ്യ കഴിച്ച ശേഷമാണ് വീടുകളിലേക്ക് മടങ്ങുക. പിലിക്കോട്, പടന്ന, തൃക്കരിപ്പൂർ, വലിയപറമ്പ് ഗ്രാമ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി ശേഖരിക്കുന്ന ഉൽപ്പന്നങ്ങൾ സംഘാടകർ വാഹനങ്ങളിലാണ് മാണിയാട്ട് എത്തിക്കുന്നത്. നാടക മത്സരത്തിന് മുമ്പായി വേദിക്ക് മുന്നിൽ കൊണ്ടുവന്ന് അരിയും തേങ്ങയും പച്ചക്കറിയും ധാരാളം പേർ സംഘാടകർക്ക് കൈമാറും.
നാടക ഗ്രാമത്തിലെ ഉൽപ്പന്ന ശേഖരണവും അപൂർവ്വ കാഴ്ചയാണ്. ഒരു നാട് മുഴുവൻ ഈ കലാഗ്രാമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ദൃശ്യങ്ങളാണ് ഇതിലൂടെ പ്രകടമാകുന്നത്. ഇന്നലെ എത്തിച്ച ഉൽപ്പന്നങ്ങൾ പ്രമുഖ കോൺട്രാക്ടറും സംഘാടക സമിതി ഭാരവാഹിയുമായ എം.വി കുഞ്ഞിക്കോരൻ ഏറ്റുവാങ്ങി.
സംഘാടക സമിതി ചെയർമാൻ ഉദിനൂർ ബാലഗോപാലൻ, ജനറൽ കൺവീനർ ടി.വി ബാലൻ, സാമ്പത്തിക കമ്മിറ്റി ചെയർമാൻ പ്രദീപ് കുമാർ രാമപുരത്ത്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ. ഷിജോയ്, ഭക്ഷണ കമ്മിറ്റി ചെയർമാൻ കെ. നാരായണൻ, കൺവീനർ വി.പി രാജൻ, സ്റ്റേജ് ആൻറ് ഡെക്കറേഷൻ കമ്മിറ്റി കൺവീനർ പി. വി ശ്രീജിത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് നിറഞ്ഞ സദസിൽ കാളിദാസ കലാ കേന്ദ്രത്തിന്റെ 'ശാകുന്തളം' നാടകം അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |