ന്യൂഡൽഹി: കേരളത്തിലെ എഞ്ചിനിയറിംഗ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾ നൽകിയ ഹർജിക്കെതിരെ തങ്ങളുടെയും വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാർത്ഥികൾ നൽകിയ തടസ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. എന്നാൽ പ്രവേശന നടപടികളിൽ പ്രതിസന്ധി ആഗ്രഹിക്കുന്നില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. ജസ്റ്റിസ് പി എസ് നരസിംഹ, എ എസ് ചന്ദുകർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
തങ്ങളുടെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് കാട്ടി അഭിഭാഷകൻ അൽജോ കെ ജോസഫ് മുഖാന്തരം നാല് സിബിഎസ്ഇ വിദ്യാർത്ഥികളാണ് തടസഹർജി സമർപ്പിച്ചത്. പുതിയ ഫോർമുല തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾ ഹർജി നൽകിയത്.
റാങ്ക് ലിസ്റ്റിൽ സ്റ്റേറ്റ് സിലബസ്, സി.ബി.എസ്.ഇ വിദ്യാർത്ഥികൾ തമ്മിലുള്ള അസമത്വം ഇല്ലാതാക്കാനാണ് പ്രോസ്‌പെക്ടസിൽ ഭേദഗതി കൊണ്ടുവന്നതെന്ന് സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, അഡ്വ. പി.എസ്. സുൽഫിക്കൽ അലി എന്നിവർ വാദിച്ചിരുന്നു. കോടതി ഇടപെട്ടാൽ സി.ബി.എസ്.ഇ വിദ്യാർത്ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന് അവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ, അഡ്വ. അൽജോ കെ. ജോസഫ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |