തിരുവനന്തപുരം: കോഴിക്കോട്ട് ട്രെയിൻ തീവയ്പിലെ തീവ്രവാദ ബന്ധം കണ്ടെത്താൻ പൊലീസിന് പരിമിതിയേറെ. പ്രതി ഷാരൂഖ് സെയ്ഫിയുടെ ഡൽഹി മുതൽ കേരളം വരെ നീളുന്ന ബന്ധങ്ങളും ആക്രമണത്തിന്റെ ആസൂത്രണം എവിടെയാണെന്നും കണ്ടെത്താൻ പൊലീസിന് തനിച്ച് കഴിയില്ല. തീയിട്ട ശേഷം ഷാരൂഖ് രാജസ്ഥാനിലെ അജ്മീറിലേക്കുള്ള ട്രെയിനിൽ കയറി മഹാരാഷ്ട്രയിലെ കലംബാനിയിലാണെത്തിയത്. മറ്റ് സംസ്ഥാനങ്ങളിലെ വേരുകളും കൂട്ടാളികളെയും കണ്ടെത്തണം. അതിന് കഴിഞ്ഞില്ലെങ്കിൽ ഷാരൂഖിന്റെ മൊഴി വിശ്വസിച്ച് അന്വേഷണം അവസാനിപ്പിക്കേണ്ടി വരും.
തീവ്രവാദബന്ധം സംശയിക്കുന്ന കേസിൽ പൊലീസിന്റെ പരിമിതികൾ ഇന്നലെ മുഖ്യമന്ത്രിയെ ഉന്നതപൊലീസുദ്യോഗസ്ഥർ ധരിപ്പിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കേസ് ഏറ്റെടുക്കണമെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടേക്കും.
ഡൽഹിയിലെ തീവ്രവാദ സംഘടനകൾ ഷാരൂഖിനെ വിലയ്ക്കെടുത്തതാണോയെന്ന് ഡൽഹി പൊലീസും മഹാരാഷ്ട്ര ഭീകരവിരുദ്ധസേനയും (എ.ടി.എസ്) അന്വേഷിക്കുന്നുണ്ട്. കലംബാനിയിൽ വച്ച് ഷാരൂഖിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് വകവരുത്താൻ ശ്രമിച്ചോയെന്നും അന്വേഷിക്കണം. സംസ്ഥാന പൊലീസിന്റെ അധികാരപരിധിയിൽ ഒതുങ്ങുന്നതല്ല ഇതൊന്നും. അതിനാലാണ് കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറാനുള്ള നീക്കം.
എൻ.ഐ.എ അന്വേഷിച്ച ഭോപ്പാൽ-ഉജ്ജയിൻ പാസഞ്ചർ സ്ഫോടനക്കേസ് പ്രതികൾക്ക് വധശിക്ഷ വിധിച്ചതിന്റെ പ്രതികാരമാണോ കോഴിക്കോട്ടെ തീവയ്പ്പെന്ന് എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്. ആ കേസിലെ മുഖ്യപ്രതി രൂപീകരിച്ച പ്രാദേശിക തീവ്രവാദ സംഘടനയ്ക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐസിസ്) ബന്ധമുണ്ടെന്ന് 2017ൽ കണ്ടെത്തിയിരുന്നു. ആ കേസിലെ പ്രതികൾ സ്ഫോടനത്തിന് തൊട്ടുമുൻപ് കോഴിക്കോട്ടെത്തി ദിവസങ്ങൾ തങ്ങിയതിലും സംശയമുണ്ട്. കോഴിക്കോട്ടെ കോരപ്പുഴപാലത്തിലും വിജനമായ എലത്തൂരിലും വച്ചാണ് തീവച്ചതെന്നതും ഇതിനടുത്ത് എണ്ണക്കമ്പനിയുടെ വൻ ടാങ്കുണ്ടെന്നതും ട്രെയിൻ അട്ടിമറിച്ച് ദുരന്തമുണ്ടാക്കാനാണോ ശ്രമിച്ചതെന്ന സംശയത്തിലേക്ക് വിരൽച്ചൂണ്ടുന്നതാണ്.
എൻ.ഐ.എ കോഴിക്കോട്ട്
ഷാരൂഖിനെ ചോദ്യം ചെയ്യാനും വിവരങ്ങൾ ശേഖരിക്കാനും എൻ.ഐ.എ ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാറിന്റെ സംഘം ബംഗളുരുവിൽ നിന്ന് കോഴിക്കോട്ടെത്തി. തീവ്രവാദക്കേസുകളിൽ വിദഗ്ദ്ധരായ ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. അന്വേഷണ വിവരങ്ങൾ സംസ്ഥാന ആഭ്യന്തരവകുപ്പിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചശേഷം അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേക്കും.
കേന്ദ്ര അന്വേഷണം അനിവാര്യം
1)പല സംസ്ഥാനങ്ങളിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസിക്കാണ് എളുപ്പം.
2)മഹാരാഷ്ട്ര എ.ടി.എസ്, ഡൽഹി പൊലീസ്, ഐ. ബി സഹകരണത്തോടെ തീവ്രവാദബന്ധം കണ്ടെത്താനും കേന്ദ്ര ഏജൻസി വേണം.
3)ഷാരൂഖിന്റെ മൊഴികൾ ശരിയാണോയെന്ന് പരിശോധിക്കാനും ബന്ധമുള്ളവരെ പിടികൂടാനും പൊലീസിന് പരിമിതിയുണ്ട്.
4)സംസ്ഥാനങ്ങളിലെ അന്വേഷണത്തിന് പൊലീസിന് സുരക്ഷ നൽകുക കടുപ്പമാണ്. കേന്ദ്ര ഏജൻസിക്ക് സി.ആർ.പി.എഫ് സുരക്ഷയുണ്ടാവും.
കണ്ടെത്തേണ്ടത്
1)കോഴിക്കോട് തിരഞ്ഞെടുത്തതെന്തിന്
2)തീവയ്‌ക്കാൻ ആരുടെ പ്രേരണ
3)തീവച്ച ശേഷം രക്ഷപെടുത്തിയതാര്
4) ആസൂത്രണം എവിടെ
5)ലക്ഷ്യം എന്തായിരുന്നു
6)ഷാരൂഖ് സ്ലീപ്പർസെൽ അംഗമാണോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |