കൊല്ലൂർ(കർണ്ണാടക): കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഇന്ന് തിരിതെളിയുന്ന നവരാത്രി ഉത്സവം ഒക്ടോബർ 2 വരെ നീണ്ടുനിൽക്കും. മൂകാംബികയിൽ എത്തിച്ചേരുന്ന ഭക്തർക്ക് ഇത്തവണ കൂടുതൽ സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ നാലിന് നടതുറക്കും. 5.15 മുതൽ 7.30 വരെ ഉദയബലിപൂജ,എട്ടിന് സ്തംഭ ഗണപതിപൂജ,10ന് ഉച്ചപൂജ,വൈകിട്ട് പ്രദോഷ പൂജ,അഞ്ചരയ്ക്ക് നവരാത്രി കലശ സ്ഥാപനം,രാത്രി ഏഴിന് നവരാത്രി പൂജ,ഒമ്പതിന് ബലി,കഷായപൂജ എന്നിവയ്ക്ക് ശേഷം 10ന് നടയടക്കും. നാളെ മുതൽ 30 വരെ ശതരുദ്രാഭിഷേകം,മഹനൈവേദ്യം,മംഗളാരതി,ദീപാരാധന,പ്രദോഷ പൂജ എന്നിവ നടക്കും. മഹാനവമിനാളിൽ ഉച്ചക്ക് 1.15നാണ് പ്രസിദ്ധമായ കൊല്ലൂർ രഥോത്സവം. ഈ ദിവസം മഹാ ചണ്ഡികയാഗവും പുഷ്പരഥോത്സവവും നടത്തും. വിജയദശമി ദിനത്തിൽ അതിരാവിലെ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങും.
നവരാത്രി ഉത്സവങ്ങളിൽ പങ്കെടുക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കൊല്ലൂരിൽ എത്തുന്ന ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ക്രമീകരണങ്ങളെല്ലാം പൂർത്തിയായി. രാവിലെയും ഉച്ചക്കും രാത്രിയും ഭക്തർക്ക് അന്നദാനം ഉണ്ടാകും. ബൈന്ദൂർ, ഉഡുപ്പി ഭാഗങ്ങളിൽ നിന്ന് പ്രത്യേകം ബസ് സർവീസുകൾ തുടങ്ങിയിട്ടുണ്ട്. ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം കൊല്ലൂരിൽ ക്യാമ്പ് ചെയ്ത് സേവനം നൽകും. രഥോത്സവത്തിനടക്കം ഇത്തവണ ലക്ഷകണക്കിന് ഭക്തർ കൊല്ലൂരിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പി.വി അഭിലാഷ് ( മൂകാംബിക ക്ഷേത്രം ട്രസ്റ്റി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |