തിരുവനന്തപുരം: വിജയദശമി ദിനമായ ഒക്ടോബർ രണ്ടിന് കേരളകൗമുദിയും വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്രം ട്രസ്റ്റും ചേർന്ന് നടത്തുന്ന വിദ്യാരംഭത്തിൽ പ്രമുഖ ആചാര്യർ കുരുന്നുകൾക്ക് ആദ്യാക്ഷരം പകരും. വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്രാങ്കണത്തിലാണ് വിദ്യാരംഭ ചടങ്ങ്. പദ്മശ്രീ ഡോ. മാർത്താണ്ഡപിള്ള, അഡി. ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ശിവഗിരി മഠത്തിലെ സ്വാമി സുകൃതാനന്ദ, രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ബിജു രമേശ്, ചലച്ചിത്ര പിന്നണി ഗായിക രാജലക്ഷ്മി എന്നിവരാണ് ആദ്യാക്ഷരം പകർന്നുനൽകുക. വിദ്യാരംഭത്തിനെത്തുന്നവർക്ക് സമ്മാനങ്ങൾക്ക് പുറമേ വിദ്യാരംഭം കുറിക്കുന്ന ഫോട്ടോയും സൗജന്യമായി നൽകും.
രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയാണ് രജിസ്ട്രേഷൻ. ഫോൺ: 0471-7117000, 0471-7116986, 9946108229.
പ്രമുഖ ന്യൂറോ സർജനായ ഡോ. മാർത്താണ്ഡപിള്ള അനന്തപുരി ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. ഐ.എം.എ ദേശീയ പ്രസിഡന്റായിരുന്നു. രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. സംസ്ഥാന സർക്കാരിന്റെ മികച്ച ഡോക്ടർക്കുള്ള അവാർഡുൾപ്പെടെ 25ഓളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ മേഖലയിൽ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്.
സംസ്ഥാന ധനവകുപ്പിന്റെയും പൊതുഭരണ വകുപ്പിന്റെയും ചുമതലയുള്ള അഡിഷണൽ ചീഫ് സെക്രട്ടറിയാണ്
കെ.ആർ. ജ്യോതിലാൽ. വനം, ഐ.ടി, ഗതാഗതം, തുറമുഖം, എക്സൈസ്, പാർലമെന്ററികാര്യം തുടങ്ങിയ വകുപ്പുകളിൽ സെക്രട്ടറിയായും, കൊച്ചി മെട്രോ, സ്മാർട്ട് സിറ്റി, ഇ-മൊബിലിറ്റി, കണ്ണൂർ എയർപോർട്ട് തുടങ്ങിയ പദ്ധതികളുടെ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂർ ജില്ലകളുടെ കളക്ടറായിരുന്നു. കൊല്ലം ചാത്തന്നൂർ സ്വദേശിയാണ്.
ശിവഗിരി മഠത്തിലെ മുതിർന്ന സന്യാസിയാണ് ആദ്ധ്യാത്മ ചിന്തകനും പ്രഭാഷകനുമായ സ്വാമി സുകൃതാനന്ദ. ഗുരുദേവ ദർശന പ്രചാരണത്തിലെ സജീവ പ്രവർത്തകനാണ്.
രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയർമാനും കേരള ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംസ്ഥാന ചെയർമാനുമാണ് ഡോ. ബിജു രമേശ്. സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ പ്രവർത്തകനും, ജീവകാരുണ്യ പ്രവർത്തകനും പ്രാസംഗികനുമാണ്. പ്രമുഖ വ്യവസായിയായിരുന്ന ജി.രമേശൻ കോൺട്രാക്ടറുടെ മകനാണ്.
മികച്ച ഗായികയ്ക്കുള്ള 2010ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ പിന്നണി ഗായികയാണ് രാജലക്ഷ്മി. 2004ലെ സംസ്ഥാന സംഗീത നാടക അക്കാഡമിയുടെ മികച്ച ഗായിക പുരസ്കാരവും 2010ലെ വയലാർ ചലച്ചിത്ര ഗാന പുരസ്കാരവും 2008ലെ സംസ്ഥാന ഫിലിം കൃട്ടിക്സ് അവാർഡും നേടിയിട്ടുണ്ട്. എറണാകുളം സ്വദേശിയായ രാജലക്ഷ്മി തിരുവനന്തപുരം പേരൂർക്കടയിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |