□പാർട്ടി കോൺഗ്രസ് കരട് സംഘടനാ റിപ്പോർട്ട്
ചണ്ഡിഗഡ്: യുവാക്കൾക്കും സ്‌ത്രീകൾക്കും അവസരം നിഷേധിച്ച് ചില മുതിർന്ന നേതാക്കൾ നേതൃപദവിയിൽ തുടരുന്നത് പാർട്ടിയെ മൃതാവസ്ഥയിലാക്കിയെന്ന് സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യാനുള്ള കരട് സംഘടനാ റിപ്പോർട്ട്. 75 വയസ് പിന്നിട്ട ഡി.രാജയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിലനിറുണോയെന്ന ചർച്ചയ്‌ക്കിടെയാണിത്.
,,നേതൃസ്ഥാനം ചിലർ കൈയ്യടക്കി വയ്‌ക്കുന്നതിനാൽ പാർട്ടിയുടെ എല്ലാ തലങ്ങളിലും മൃതാവസ്ഥയുണ്ട്. ഒരിക്കൽ തിരഞ്ഞെടുക്കപ്പെട്ടാൽ അവർ പാർട്ടിയുടെ അനിവാര്യമെന്ന് വാദിച്ച് വർഷങ്ങളോളം പദവിയിൽ തുടരുന്നു. ചിലർ പാർട്ടി പദവികൾ ഉപയോഗിച്ച് പണമുണ്ടാക്കുന്നു. കേന്ദ്ര സെക്രട്ടേറിയറ്റിലെ അടക്കം മുതിർന്ന നേതാക്കളുടെ പ്രവർത്തനം മൂന്നു മാസത്തിലൊരിക്കൽ വിലയിരുത്തണം. സംസ്ഥാനത്ത് കാര്യമായ ചുമതലകളില്ലാത്തവർ ദേശീയ തലത്തിൽ സജീവമായി പ്രവർത്തിക്കണം.
തലമുറ മാറ്റം
വേണം
നേതൃ നിരയിൽ യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം കുറവാണ്. ദേശീയ-സംസ്ഥാന കമ്മികളിലെ നേതാക്കളുടെ ശരാശരി പ്രായം 60 ആണ്. പാർട്ടി തലമുറ മാറ്റത്തിന് വിധേയമാകണം. ലിംഗസമത്വം നടപ്പാക്കണം. യുവാക്കളെയും വനിതകളെയും കമ്മിറ്റികളിൽ ഉൾപ്പെടുത്തണം. പാർട്ടി പ്രത്യയശാസ്‌ത്രം വിജയകരമായി നടപ്പാക്കാൻ സംഘടന ശക്തിപ്പെടുത്തേണ്ടതുണ്ട്. പാർട്ടി അംഗത്വം പുതുക്കൽ കൃത്യമായി നടപ്പാക്കുന്നില്ല. ബ്രാഞ്ച് തലത്തിൽ പ്രതിവർഷം 10 ശതമാനം അംഗത്വം വർദ്ധിപ്പിക്കണം. നിലവിലെ കേഡർ വികസനം ശാസ്‌ത്രീയമല്ല. സ്ഥാനാർത്ഥിത്വം ലഭിക്കാത്തവർ പുറത്തു പോയി പാർട്ടിയെ തള്ളിപ്പറയുന്ന അവസ്ഥയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |