തിരുവനന്തപുരം : സംസ്ഥാനത്തെ 49 തദ്ദേശവാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഇടതു കൈയിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മഷി പുരട്ടുക. ഏപ്രിലിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരുടെ ചൂണ്ടുവിരലിൽ പുരട്ടിയ മഷിയടയാളം പൂർണമായും മാഞ്ഞ് പോകാത്തതിനാലാണിത്.
വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്ക് പഞ്ചായത്ത്, ആറ് മുനിസിപ്പാലിറ്റി, 38 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. 169 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 76 പേർ സ്ത്രീകളാണ്. 211 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. 2024 ജൂലായ് ഒന്നിന് പ്രസിദ്ധീകരിച്ച വോട്ടർപ്പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. അന്തിമവോട്ടർപ്പട്ടികയിൽ 163639 വോട്ടർമാരുണ്ട്. 77409 പുരുഷൻമാരും 86228 സ്ത്രീകളും രണ്ട് ട്രാൻസ്ജൻഡർമാരും. വോട്ടർപ്പട്ടിക sec.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |