കോഴിക്കോട്: ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നുപേർ അറസ്റ്റിൽ. കോഴിക്കോട് മുക്കത്താണ് സംഭവം. കുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളാണ് അറസ്റ്റിലായത്. കേസിൽ കൂടുതൽ പേർ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
15കാരിയെ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് ആറുമാസം ഗർഭിണിയാണെന്ന് മനസിലാക്കുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ കുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളായ മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, യുസുഫ്, അസം സ്വദേശി മോമൻ അലി എന്നിവർ അറസ്റ്റിലാവുകയായിരുന്നു. പ്രതികളെ താമരശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിദ്യാർത്ഥിനിയെ തിരുവനന്തപുരം ചൈൽഡ് കെയർ സെന്ററിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. മറ്റ് പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
അതേസമയം, മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സഹോദരന് 123 വർഷം തടവ് വിധിച്ച് മഞ്ചേരി പോക്‌സോ കോടതി. 2019ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
12ാം വയസിലാണ് പെൺകുട്ടി 19കാരനായ സഹോദരന്റെ പീഡനത്തിനിരയാവുന്നത്. തുടർന്ന് ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്തു. കേസിന്റെ വിചാരണവേളയിൽ പെൺകുട്ടിയും മാതാവും അമ്മാവനും കൂറുമാറിയിരുന്നു. തുടർന്ന് ഡിഎൻഎ ടെസ്റ്റ് നടത്തിയാണ് പ്രതി സഹോദരനാണെന്ന് സ്ഥിരീകരിച്ചത്.
123 വർഷം തടവിന് പുറമെ പ്രതി ഏഴ് ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുക പെൺകുട്ടിയുടെ ക്ഷേമപ്രവർത്തനത്തിനായി വിനിയോഗിക്കണം. മഞ്ചേരി പോക്‌സോ കോടതി ജഡ്‌ജി എം അഷ്‌റഫാണ് ശിക്ഷ വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |