മലപ്പുറം: സ്വർണക്കടത്ത് കേസുകളിലെ പ്രതികളിൽ ഭൂരിഭാഗവും മുസ്ലിം സമുദയത്തിൽ ഉള്ളവരാണെന്ന വിവാദ പ്രസ്‌താവനയിൽ തവനൂർ എംഎൽഎ കെ ടി ജലീലിനെതിരെ പരാതി. മുസ്ലിം യൂത്ത് ലീഗ് നേതാവ് യു എ റസാഖാണ് മലപ്പുറം എസ്‌പിക്ക് പരാതി നൽകിയത്. ജലീലിന്റെ പ്രസ്താവന ഒരു നാടിനെയും സമുദായത്തെയും അപകീർത്തിപ്പെടുത്തുന്നതാണെന്നും മതസ്‌പർദ്ധയുണ്ടാക്കി കലാപം ഉണ്ടാക്കലാണ് ജലീലിന്റെ ലക്ഷ്യമെന്നും പരാതിയിൽ ആരോപിക്കുന്നു.
ഹജ്ജിന് പോയ കേരളത്തിലെ പ്രമുഖനായ മുസ്‌ലിം മതപണ്ഡിതനെ ഖുറാന്റെ പുറംചട്ടയിൽ സ്വർണം ഒളിപ്പിച്ച് കൊണ്ടുവന്നതിന് കസ്റ്റംസുകാർ പിടി കൂടി ജയിലിൽ അടച്ചിട്ടുണ്ടെന്നാണ് ജലീൽ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
'മുസ്‌ലിങ്ങൾ മുഴുവൻ സ്വർണക്കടത്തുകാരാണെന്ന് താൻ പറഞ്ഞിട്ടില്ല. ഇവിടെ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ഉൾപ്പെടുന്നവരിൽ ഭൂരിപക്ഷവും മുസ്‌ലിം സമുദായമാണ്. അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കണം. ഞാൻ മന്ത്രിയായിരുന്നപ്പോൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കഴമ്പില്ലാത്ത ആരോപണങ്ങൾ ഉയർന്നപ്പോൾ കോൺഗ്രസും ലീഗും ബി.ജെ.പിയും അതിനെ പിന്തുണച്ചു. തന്നെ കൊത്തിവലിക്കാൻ അവർ എറിഞ്ഞു കൊടുക്കുകയായിരുന്നു.തന്റെ പിന്നാലെ വേട്ടപ്പട്ടിയെ പോലെ ഓടി', - ഇതാണ് ജലീലിന്റെ വിവാദ പ്രസ്താവന.
അതേസമയം, പ്രസ്താവന വിവാദമായതിന് പിന്നാലെഅത് തെറ്റായി വ്യാഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടി ജലീൽ രംഗത്തെത്തിരുന്നു. ബോധവത്കരിക്കാൻ ഖാളിമാർ തയ്യാറാവണമെന്ന് പറഞ്ഞാൽ അതെങ്ങനെ ഇസ്‌ലാമിനെതിരാവുമെന്നും അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |