തിരുവനന്തപുരം: നിയമസഭ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. ചോദ്യോത്തരവേളയിൽ പ്രതിപക്ഷത്ത് നിന്നുളള 45 നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിനെ തുടർന്നായിരുന്നു പ്രതിഷേധം. ഇതോടെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ രംഗത്തെത്തുകയായിരുന്നു. സംസ്ഥാന - രാജ്യ താൽപര്യം മുൻനിർത്തിയുള്ള ചോദ്യങ്ങൾ അപ്രധാനമാക്കിയെന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം ഇല്ലാതാക്കിയെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതിപക്ഷനേതാവിന്റെ ചോദ്യങ്ങൾക്ക് സ്പീക്കർ എ എൻ ഷംസീർ മറുപടി നൽകി. ചട്ടലംഘനം ഇല്ലെന്നും അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെന്ന നിലയിലാണ് നക്ഷത്ര ചിഹ്നമില്ലാത്തവ ആക്കിയതെന്നും പ്രതികരിച്ചു. സഭാ ചട്ടം അനുസരിച്ച് സ്പീക്കർക്ക് വിവേചനാധികാരമുണ്ടെന്നും കാരണം വിശദീകരിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു. ക്രമസമാധാന ചുമതലയുളള എഡിജിപി എംആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് പ്രധാനമല്ലേയെന്നും അതിൽ സംസ്ഥാന താൽപര്യം ഇല്ലേയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചെങ്കിലും മറുപടി നൽകാതെ സ്പീക്കർ ചോദ്യോത്തോര വേളയിലേക്ക് കടക്കുകയായിരുന്നു.
ദുരിതാശ്വാസനിധി ഫണ്ട് വിനിയോഗം സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ദുരിതാശ്വാസ നിധി വിനിയോഗത്തിന് കൃത്യമായ ചട്ടങ്ങളും വ്യവസ്ഥകളും ഉണ്ടെന്നും അത് സുതാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടിയിൽ പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ സർക്കാരിന് ഒരു ചോദ്യത്തിനും ഉത്തരം മറച്ച് വക്കേണ്ടതില്ലെന്നും പിണറായി വിജയൻ പ്രതികരിച്ചു.
സ്പീക്കർക്കെതിരെയുളള പ്രതിഷേധം ശരിയാണോയെന്ന് പ്രതിപക്ഷം ആലോചിക്കണമെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി. പ്രതിഷേധം ശരിയല്ലെന്നും സീറ്റിലിരുന്നാൽ മാത്രമേ മൈക്ക് ഓൺ ചെയ്യൂവെന്നും പ്രതിപക്ഷ നിരയോട് സ്പീക്കർ പറഞ്ഞു. കൂടി നിന്ന പ്രതിപക്ഷ അംഗങ്ങളോട് നിങ്ങളിലാരാണ് പ്രതിപക്ഷ നേതാവെന്നും സ്പീക്കർ ചോദിച്ചു. ഇതിൽ പ്രതിഷേധിച്ച വിഡി സതീശൻ സ്പീക്കറുടേത് അപക്വമായ നിലപാടാണെന്നും കുറ്റപ്പെടുത്തുകയായിരുന്നു. കസേരയിലിരുന്ന് ചോദിക്കാൻ പാടില്ലാത്ത ചോദ്യമെന്ന് കുറ്റപ്പെടുത്തിയ വിഡി സതീശൻ സ്പീക്കർ പദവിക്ക് അപമാനമാണെന്നും ചോദ്യോത്തര വേള ബഹിഷ്കരിക്കുകയാണ് പ്രതിപക്ഷമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |