തിരുവനന്തപുരം: ബഹളമയവും കൈയാങ്കളിയുമായി നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം. സ്പീക്കർക്ക് നേരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തി. ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സ്പീക്കർ ചോദിച്ചതാണ് വി.ഡി സതീശനെ പ്രകോപിപ്പിച്ചത്. മാത്യു കുഴൽനാടൻ ഡയസിന് മുന്നിൽ നിന്ന് മാറാതെ വന്നപ്പോഴായിരുന്നു സ്പീക്കർ എ.എൻ ഷംസീർ ഈ ചോദ്യം ഉയർത്തിയത്. തുടർന്ന് സ്പീക്കറുടെ പക്വതയില്ലായ്‌മ കൊണ്ടാണ് ആ ചോദ്യം ചോദിച്ചതെന്ന് വി.ഡി സതീശൻ മറുപടി നൽകി. ഒരു സ്പീക്കർ പദവിക്ക് അപമാനകരമായ ചോദ്യമാണെന്ന് പറഞ്ഞ് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിക്കുകയായിരുന്നു.
ഇതിനിടയിൽ വർക്കല എംഎൽഎയും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ വി.ജോയിയും സഭയിൽ കടുത്ത പരാമർശങ്ങൾ നടത്തി. ചോദ്യോത്തര വേളയിലായിരുന്നു ജോയി പ്രതിപക്ഷാംഗത്തിന് നേരെ ക്ഷുഭിതനായത്. ''എന്നോട് മറ്റേ വർത്തമാനം പറയരുത്. അതൊക്കെ നിന്റെ കൈയിൽ വച്ചിരുന്നാ മതി. എന്നോട് വേണ്ടാ. എന്നായിരുന്നു ജോയിയുടെ പ്രതികരണം''. തുടർന്ന് സ്പീക്കർ ഇടപെടുകയായിരുന്നു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്നോട് പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് സ്പീക്കർ രംഗം ശാന്തമാക്കി.
പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ചത് കാര്യങ്ങൾ കൈയാങ്കളിയിലേക്ക് നീക്കി. വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ കസേരയുടെ അടുത്തെത്തി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനർ കെട്ടി പ്രതിഷേധിച്ചു. മാത്യു കുഴൽനാടനും അൻവർ സാദത്തും ഐ.സി. ബാലകൃഷ്ണനും സ്പീക്കറുടെ ഡയസിൽ കയറി. ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |