തൊടുപുഴ: കേരളത്തിൽ വോട്ട് ബാങ്ക് രാഷ്ട്രീയമുള്ള സമുദായത്തെ തൃപ്തിപ്പെടുത്താൻ ഇടത്- വലത് കക്ഷികൾ മത്സരിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദർശ രാഷ്ട്രീയം മരിച്ചു, ഇപ്പോഴുള്ളത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. നമ്മൾ വോട്ട് ബാങ്കല്ല, പരസ്പരം കലഹിക്കുകയാണ്. വോട്ട് ബാങ്കായിരുന്നെങ്കിൽ നമുക്ക് കോളേജ് കിട്ടും, അധികാരം കിട്ടും, പഞ്ചായത്ത് പ്രസിഡന്റുണ്ടാകും, എം.എൽ.എയും എം.പിയുമെല്ലാമുണ്ടാകും. വോട്ടുകുത്തി യന്ത്രങ്ങളായ നമ്മൾ രക്തസാക്ഷികളായി. നാം മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കാൻ വിധിക്കപ്പെട്ടവരായി. ജനസംഖ്യാനുപാതികമായി രാഷ്ട്രീയ,വിദ്യാഭ്യാസ, സാമ്പത്തിക,സാമൂഹിക നീതി ലഭിക്കാൻ ഒന്നായി നിന്നാൽ മാത്രമേ സാധിക്കൂ. ആരുടെയും അവകാശം പിടിച്ചു പറ്റാനല്ല, നമുക്ക് അർഹതപ്പെട്ടത് വാങ്ങാനുള്ള തന്റേടമുണ്ടാകണം. ഈഴവനാണെന്ന് പറയാനുള്ള അഭിമാന ബോധമുണ്ടാകണമെന്ന് പറഞ്ഞത് ഡോ. പല്പുവായിരുന്നു. സമുദായ ബോധം മറ്റുള്ള സമുദായങ്ങളിൽ വളരെ ശക്തമാണ്. അതാണ് അവരെ അധികാര രാഷ്ട്രീയത്തിലെത്തിക്കുന്നത്. ഓരോ സമുദായവും അധികാരം പിടിച്ചെടുക്കാൻ വേണ്ടി പാർട്ടികൾ രൂപീകരിച്ച് പിന്നാക്ക അധഃസ്ഥിത വർഗത്തെ ചവിട്ടി താഴ്ത്തി. അൻവർ പോലും പാർട്ടിയുണ്ടാക്കുകയാണ്. ഇവരെയെല്ലാം ചൊൽപ്പടിയിൽ നിറുത്താൻ കരുത്തുള്ള ഈഴവ സമുദായം നിഷ്‌ക്രിയരായി ഇരിക്കാതെ ഉണർന്ന് പ്രവർത്തിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ അദ്ധ്യക്ഷത വഹിച്ചു.
പൗർണ്ണമിക്കാവിൽ വിദ്യാരംഭവും പൗർണ്ണമി മഹോത്സവവും
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീബാല ത്രിപുരസുന്ദരിദേവി ക്ഷേത്രത്തിലെ നവരാത്രിയും പൗർണ്ണമി മഹോത്സവവും 9 മുതൽ 17 വരെ നടക്കും.എല്ലാദിവസവും രാവിലെ 7 മുതൽ 12 വരെ ലളിതാസഹസ്രനാമം, ദേവീമാഹാത്മ്യ പാരായണം, സൗന്ദര്യലഹരി പാരായണം. വൈകിട്ട് 4 മുതൽ രാത്രി 10 വരെ സംഗീതപരിപാടികളും ആദ്ധ്യാത്മിക സദസും നടക്കും. 10ന് വൈകിട്ട് 5 മുതൽ ആയിരത്തിലധികം പേർ ഒന്നിച്ച്പങ്കെടുക്കുന്ന സമൂഹ സൗന്ദര്യലഹരി പാരായണം. ദീപാരാധനയ്ക്ക് ശേഷം അഷ്ടമികൊണ്ട് പൂജവയ്പ്, 11ന് ദുർഗ്ഗാഷ്ടമിയും നവമിപൂജയും, 12ന് മഹാനവമിയും ആയുധപൂജയും, 13ന് വിജയദശമിക്ക് വിദ്യാരംഭം. നൃത്തം, സംഗീതം, ആയുധാഭ്യാസം, വാദ്യോപകരണങ്ങൾ തുടങ്ങിയവയിലും വിദ്യാരംഭം നടക്കും.
ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്.സോമനാഥ്, ജില്ലാ കളക്ടർ അനു കുമാരി, വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ, എ.ഡി.ജി.പി വെങ്കിടേഷ്, ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്.നാഗരാജു, സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ, ഡെപ്യൂട്ടി കമ്മിഷണർ അജിത് മോഹൻ, ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.ജി മാധവൻ നായർ, ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ന്യൂറോളജി വിഭാഗത്തിലെ ഡോ.പി.എൻ.ഷൈലജ, ഭാഗവതചൂഡാമണി പള്ളിക്കൽ സുനിൽ, പള്ളിക്കൽ ശ്രീഹരി തുടങ്ങിയവർ കുട്ടികൾക്ക് ആദ്യക്ഷരം പകർന്നു നൽകും. 14ന് വൈകിട്ട് 6 മുതൽ നെല്ലിമൂട് ദേവീ ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന കാവടിഘോഷയാത്ര. തുടർന്ന് അഗ്നിക്കാവടി.15നും 16നും പൗർണ്ണമി മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ. 17ന് രാവിലെ 11 മുതൽ ഭക്തിഗാനമഞ്ജരി, ഉച്ചയ്ക്ക് 1 മുതൽ ഭജന,3 മുതൽ ഭരതനാട്യം,മോഹിനിയാട്ടം,കുച്ചുപ്പുടി, 5 മുതൽ തിരുവാതിര, കൈകൊട്ടിക്കളി, 6 മുതൽ ഭജന. രാത്രി 8ന് തിളച്ച എണ്ണ നീരാട്ട്, മഞ്ഞപ്പാൽ നീരാട്ട്, വലിയ പൂപ്പട.10ന് വലിയ ഗുരുസിയോടെ നട അടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |