തിരുവനന്തപുരം: ഡ്യൂട്ടിക്കെത്തുന്ന ലോക്കോ പൈലറ്റുമാർക്ക് കരിക്കിൻ വെള്ളവും ഹോമിയോ മരുന്നും കഴിക്കാം. ഇവ ഒഴിവാക്കണമെന്ന തിരുവനന്തപുരം ഡിവിഷനിലെ സീനിയർ ഇലക്ട്രിക്കൽ എൻജിനിയറുടെ വിവാദ ഉത്തരവ് റെയിൽവേ പിൻവലിച്ചു. ലോക്കോ പൈലറ്റുമാരുടെ സംഘടനയായ ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ ഉൾപ്പെടെയുള്ളവരുടെ സമ്മർദ്ദത്തെ തുടർന്നാണ് നടപടി.
ചില ഇനം വാഴപ്പഴങ്ങൾ, ചുമയ്ക്കുള്ള സിറപ്പുകൾ, ലഘു പാനീയങ്ങൾ, മൗത്ത് വാഷ് എന്നിവയും ഉപയോഗിക്കരുതെന്നായിരുന്നു നിർദ്ദേശം. ജോലിക്കു കയറും മുമ്പും ശേഷവും ബ്രെത്ത് അനലൈസറിൽ സൈൻ ഇൻ, സൈൻ ഓഫ് എന്നിവ ചെയ്യുമ്പോൾ ആൽക്കഹോളിന്റെ അംശം രേഖപ്പെടുത്തിയതിനെത്തുടർന്നാണ് ഉത്തരവിറക്കിയത്. എന്നാൽ സർക്കാർ അംഗീകൃത ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ രക്തത്തിൽ ആൽക്കഹോൾ അംശം കണ്ടെത്താനായില്ല. ബ്രെത്ത് അനലൈസറിന്റെ തകരാറാകാം കാരണമെന്നാണ് ആരോപണം. യന്ത്രം മാറ്റുന്നതിനുപകരം വിവാദ ഉത്തരവ് ഇറക്കിയതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അതേസമയം മദ്യപിച്ച് ജോലി ചെയ്യുന്നത് തടയാനും സുരക്ഷ ഉറപ്പാക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് നിർദ്ദേശം നൽകിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |