തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് പതിവുപോലെ മത്സരം ഒഴിവാക്കി ഒരാൾ മാത്രം നാമനിർദേശ പത്രിക സമർപ്പിക്കുന്ന കീഴ്വഴക്കം ഇക്കുറിയും തെറ്റിയില്ല. ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ പേര് പ്രകാശ് ജാവഡേക്കർ യോഗത്തെ അറിയിച്ചതോടെ മറ്റു പേരുകൾ അപ്രസക്തമായി.
എം.ടി.രമേശ്, ശോഭാ സരേന്ദ്രൻ, വി.മുരളീധരൻ എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും അടുത്തുവരുന്ന സാഹചര്യത്തിൽ കെ.സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കുമെന്നും സൂചനയുണ്ടായിരുന്നു. കേരളത്തിലെ മറ്റു പേരുകൾ പരിഗണിക്കാത്തതിനാൽ ചർച്ചയും വേണ്ടിവന്നില്ല.
30 അംഗം ദേശീയ കൗൺസിൽ അംഗങ്ങളും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബി.ജെ.പി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ ശോഭാ സുരേന്ദ്രൻ, എ.എൻ രാധാകൃഷ്ണൻ, കെ.എസ് രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി രമേശ്, സി.കൃഷ്ണകുമാർ, പി.സുധീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പോരാട്ടവീര്യം കൈവിടാതെ
കേരളരാഷ്ട്രീയം നിരീക്ഷിക്കുന്നവരെ അമ്പരപ്പിക്കുന്നതാണ് ബി.ജെ.പി.യുടെ നീക്കങ്ങൾ.1980മുതൽ ഓരോ തിരഞ്ഞടുപ്പിലും തുടർച്ചയായി തോൽക്കുമ്പോഴും മടുപ്പില്ലാതെ അടുത്ത തിരഞ്ഞെടുപ്പിലേക്ക് പൂർവ്വാധികം ശക്തിയോടെ പോരാടാറുണ്ട് ബി.ജെ.പി.
കേന്ദ്രത്തിൽ മൂന്നാം വട്ടം തുടർച്ചയായി ഭരണം നേടിയപ്പോഴാണ് ലോക്സഭയിലേക്ക് തൃശ്ശൂരിലൂടെ പേരിനെങ്കിലും ഒരു വിജയം കൈപ്പിടിയിലായത്. അതിന് മുമ്പ് നേമം മണ്ഡലത്തിലൂടെ നിയമസഭയിലും ഒന്ന് എത്തിനോക്കി.ഓരോ തവണയും പുതിയ ആയുധങ്ങളുമായി എത്തുന്ന ബി.ജെ.പി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അടവ് മാറ്റിപ്പിടിച്ചു.പതിവ് ബി.ജെ.പി. സംഘപരിവാർ മുഖങ്ങളെ മാറ്റിവെച്ച് അരാഷ്ട്രീയ പ്രതിച്ഛായയുള്ളവരെ രംഗത്തിറക്കി.അനിൽആന്റണി,വി.മുരളീധരൻ,ശോഭാസുരേന്ദ്രൻ,സുരേഷ് ഗോപി,രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരിലൂടെ കേരളത്തിൽ ബി.ജെ.പി.യോടുളള രാഷ്ട്രീയഅയിത്തത്തെ മറികടക്കാനാണ് പാർട്ടി ശ്രമിച്ചത്.
സംസ്ഥാനത്തെ 140നിയോജകമണ്ഡലങ്ങൾ 280 മണ്ഡലങ്ങളാക്കിയും 14 ജില്ലകളെ 30ജില്ലാകമ്മിറ്റികളാക്കിയും വിഭജിച്ച് പാർട്ടി സംഘടനാസംവിധാനത്തിലും വൻ അഴിച്ചുപണിയാണ് നടത്തിയത്. തൊട്ടതിനും പിടിച്ചതിനുമെല്ലാം സംസ്ഥാനസർക്കാരിനെ കുറ്റംപറഞ്ഞും സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനം നടത്തി പൊലീസുമായി ഏറ്റുമുട്ടിയുമെല്ലാം കാലംകഴിക്കുന്ന രാഷ്ട്രീയപ്രവർത്തനം വേണ്ടെന്ന് ബി.ജെ.പി.കേന്ദ്രനേതൃത്വം സംസ്ഥാനത്തെ പ്രവർത്തകരെ ഉപദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |