കൊച്ചി: ശമ്പളത്തിന് ആനുപാതികമായുള്ള, ഏതാനും മാസങ്ങളിലെ പി.എഫ് പെൻഷൻ വിഹിതം പിന്നീട് ഒന്നിച്ച് അടച്ചെന്ന കാരണത്താൽ ഉയർന്ന പെൻഷൻ നിഷേധിക്കാനാവില്ലെന്നു ഹൈക്കോടതി. തിരുവനന്തപുരം മിൽമ യൂണിയനിൽ നിന്നു വിരമിച്ച എം.ഗോപിനാഥൻ പിള്ളയടക്കം നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്. ഹർജിക്കാർക്ക് ഹയർ പെൻഷൻ വിതരണത്തിനു വേണ്ട തുടർനടപടികൾ 3 മാസത്തിനകം സ്വീകരിക്കാൻ പി.എഫ് അധികൃതർക്ക് നിർദ്ദേശം നൽകി.
2004-2008 കാലത്ത് ഏതാനും മാസങ്ങളിൽ നിശ്ചിത സ്റ്റാറ്റ്യൂട്ടറി നിരക്കിലുള്ള പെൻഷൻ വിഹിതം അടച്ചതല്ലാതെ, ഉയർന്ന വിഹിതം അടച്ചില്ലെന്ന കാരണത്താലാണ് ഹർജിക്കാരുടെ ജോയിന്റ് ഓപ്ഷൻ നിരസിച്ചത്. എന്നാൽ, ഈ മാസങ്ങളിലെ ശമ്പളത്തിന് ആനുപാതികമായ വിഹിതം പിന്നീട് പലിശ സഹിതം മിൽമ അടച്ചിരുന്നു.
ഇ.പി.എഫ് ഓർഗനൈസേഷൻ ഇവരുടെ വിഹിതം സ്വീകരിച്ച സാഹചര്യമടക്കം കണക്കിലെടുത്ത് ഹർജിക്കാർക്ക് ഹയർ പെൻഷൻ കിട്ടാൻ അർഹതയുണ്ടെന്നു കോടതി വ്യക്തമാക്കി. ഹർജിക്കാരുടെ ജോയിന്റ് ഓപ്ഷൻ നിഷേധിച്ച റീജിയണൽ പി.എഫ് കമ്മിഷണറുടെ ഉത്തരവു റദ്ദാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |