തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് ഗർഭാശയഗള(സെർവിക്കൽ) ക്യാൻസർ പ്രതിരോധത്തിനുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി) വാക്‌സിനേഷൻ ഉടൻ തുടങ്ങും. മന്ത്രി വീണാജോർജ് ഇന്നലെ വിളിച്ച ആരോഗ്യവകുപ്പ് ഉന്നതതല യോഗത്തിൽ ഒരാഴ്ചയ്ക്കകം ടെക്‌നിക്കൽ കമ്മിറ്റി യോഗം ചേർന്ന് വാക്‌സിൻ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന് തീരുമാനിച്ചു. ഏത് വാക്‌സിൻ നൽകണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ടെക്നിക്കൽ കമ്മിറ്റി തീരുമാനിക്കും.
ടെക്നിക്കൽ കമ്മിറ്റിയുടെ മാർഗനിർദേശമനുസരിച്ച് സ്‌കൂൾ തലത്തിൽ വിദ്യാർത്ഥിനികൾക്കും രക്ഷിതാക്കൾക്കും അവബോധം നൽകും. ആദ്യ ഡോസ് എടുത്ത് രണ്ടാം മാസം രണ്ടാം ഡോസ്. തുടർന്ന് നാലാം മാസം മൂന്നാം ഡോസ് ഇങ്ങനെയാണ് എച്ച്.പി.വി വാക്‌സിൻ ഷെഡ്യൂൾ.
കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സാമ്പത്തികം പ്രതിസന്ധിയാൽ നടപ്പായില്ല. ഇക്കാര്യം കേരളകൗമുദി സെപ്തംബർ 23ന് റിപ്പോർട്ട് ചെയ്തിരുന്നു.
ആദ്യഘട്ടത്തിൽ ആലപ്പുഴ,വയനാട് ജില്ലകളിൽ വാക്‌സിൻ നൽകാനാണ് ശ്രമം. ഇതിനുമാത്രം നാലു കോടി രൂപ വേണം. ആരോഗ്യവകുപ്പിന്റെയും എൻ.എച്ച്.എമ്മിന്റെയും ഫണ്ടുകൾ ഉപയോഗിക്കാനായിരുന്നു തീരുമാനം. രണ്ടു ജില്ലകൾ പൂർത്തിയായാൽ മറ്റുജില്ലകളിലേക്കും വ്യാപിപ്പിക്കണം. പണം എങ്ങനെ കണ്ടെത്തണമെന്ന് ഇനിയും വ്യക്തമായിട്ടില്ല.ഏത് കമ്പനിയുടെ വാക്‌സിനാണ് നൽകുന്നതെന്ന് തീരുമാനിച്ചാൽ മാത്രമേ സാമ്പത്തിക ചെലവ് കൃത്യമായി അറിയാനാകൂ. വിദ്യാഭ്യാസ,തദ്ദേശ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഗർഭാശയഗള ക്യാൻസർ
സ്‌തനാർബുദം കഴിഞ്ഞാൽ സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന ക്യാൻസർ
9 മുതൽ 14 വയസുവരെയാണ് എച്ച്.പി.വി വാക്സിൻ ഏറ്റവും ഫലപ്രദം.
26 വയസുവരെ എച്ച്.പി.വി വാക്സിൻ നൽകാം.
വാക്‌സിൻ കൊണ്ട് ഗർഭാശയഗള ക്യാൻസറിനെ പ്രതിരോധിക്കാം. ഇത് മുന്നിൽ കണ്ട് മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ് സംസ്ഥാനം സുപ്രധാന തീരുമാനം എടുത്തത്.
-വീണാ ജോർജ്
ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |