കൊല്ലം: എഴുത്തുകാരുടെ വൈകാരിക അനുഭവമാണ് ഓരോ സൃഷ്ടിയുമെന്ന് എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖ് . കടപ്പാക്കട സ്പോർട്സ് ക്ലബും പട്ടത്തുവിള കരുണാകരൻ സ്മാരക ട്രസ്റ്റും സംയുക്തമായി കടപ്പാക്കട സ്പോർട്സ് ക്ലബ് പട്ടത്തുവിള കരുണാകരൻ സ്മാരക ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പട്ടത്തുവിള കരുണാകരൻ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ബാനു മുഷ്താഖ് .
നോവലുകളേക്കാൾ ചെറുതല്ല ചെറുകഥകൾ. അതാണ് തനിക്ക് ലഭിച്ച ബുക്കർ പുരസ്കാരത്തിലൂടെ വെളിപ്പെടുന്നത്. സാധാരണ ചെറുകഥയ്ക്ക് ബുക്കർ സമ്മാനം നൽകാറില്ല. അമിത പ്രതീക്ഷ വയ്ക്കരുതെന്ന് ഇടയ്ക്കിടെ പറഞ്ഞെങ്കിലും അതൊന്നും വകവയ്ക്കാതെ പ്രഖ്യാപനത്തിന് അഞ്ചുദിവസം മുമ്പുതന്നെ മറുപടി പ്രസംഗം തയ്യാറാക്കി. ഒടുവിൽ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ബുക്കർ സമ്മാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ചെറുകഥാ സമാഹാരത്തിന്, തന്റെ കൃതിക്ക് ലഭിച്ചു. ചെറുകഥയെ ചെറുതായി കണ്ടാൽ എഴുത്തുകാരന്റെ വൈകാരികമായ അനുഭവങ്ങളെ ചെറുതായി കാണുന്നതിന് തുല്യമാകും.
താഴെത്തട്ടിലെ മനുഷ്യരുടെ ദുരിതമയമായ ജീവിതാവസ്ഥയെ സൂക്ഷ്മതലത്തിൽ ചിത്രീകരിച്ച കഥകളായിരുന്നു പട്ടത്തുവിള കരുണാകരന്റേത്. അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും സമാന വിഷയങ്ങളിലാണ് തന്റെയും സൃഷ്ടികളെന്നും ബാനു മുഷ്താഖ് പറഞ്ഞു. ക്ലബ് വൈസ് പ്രസിഡന്റ് റാഫി കാമ്പിശേരി അദ്ധ്യക്ഷനായി. മന്ത്രി ജെ.ചിഞ്ചു റാണി മുഖ്യാതിഥിയായി. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. സാംസ്കാരിക കൂട്ടായ്മയായ ജി.ദേവരാജൻ ശക്തിഗാഥയുടെ ഗാനാർച്ചന നടന്നു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, കടപ്പാക്കട സ്പോർട്സ് ക്ലബ് സെക്രട്ടറി ആർ.എസ്.ബാബു, സാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞുരാമൻ, സ്വരലയ ചെയർമാൻ ഡോ. ജി.രാജ്മോഹൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |