തൃശൂർ: കൊലക്കേസിൽ പ്രതികളാക്കി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നിരപരാധികൾക്ക് സംസ്ഥാന സർക്കാർ അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 1994ൽ ഡിസംബർ നാലിന് ഗുരുവായൂർ തൊഴിയൂരിൽ ബി.ജെ.പി പ്രവർത്തകനായ തൊഴിയൂർ സുനിൽ കൊല്ലപ്പെട്ട കേസിലാണ് നടപടി.
ഹരിദാസ്, സി.പി.എം പ്രവർത്തകരായ ബിജി, റഫീഖ്, ബാബുരാജ് എന്നിവർക്കാണ് തുക ലഭിക്കുന്നത്. പൊലീസ് മർദ്ദനത്തെ തുടർന്ന് ക്ഷയരോഗബാധിതനായ ഹരിദാസ് പത്തുവർഷം മുമ്പ് മരിച്ചു.
അഞ്ചുലക്ഷം ഓരോരുത്തർക്കും നൽകാൻ അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വാനന്ദ്‌സിൻഹയാണ് കഴിഞ്ഞദിവസം ഉത്തരവിറക്കിയത്.
വിചാരണക്കോടതിയാണ് ഇവരെ ജീവപര്യന്തം ശിക്ഷിച്ചത്. പിന്നീട് ഹൈക്കോടതി വെറുതെ വിട്ടു. ആറുമാസക്കാലം ജയിലിൽ കിടന്നു.
പുനരന്വേഷണം നടത്താൻ ബാബുരാജ് ഹൈക്കോടതിയെ സമീപിച്ചു.ഹൈക്കോടതി ഉത്തരവായെങ്കിലും നടപടികൾ ഉണ്ടായില്ല. 2016ൽ സർക്കാരിന് നൽകിയ നിവേദനത്തെത്തുടർന്നാണ് പുനരന്വേഷണം തുടങ്ങിയത്.
ആറ് യഥാർത്ഥ പ്രതികളെ പൊലീസ് പിടികൂടി. നഷ്ടപരിഹാരം സംബന്ധിച്ച് പരാതിക്കാരെ കേട്ട് സർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരത്തുക നിശ്ചയിച്ചത് അപൂർവ സംഭവമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾഖാദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കള്ളക്കേസിൽ കുടുക്കിയ പൊലീസുകാർക്കെതിരായ നിയമ നടപടികൾ തുടരുമെന്ന് മുതുവട്ടൂർ സ്വദേശികളായ മൂന്നുപേരും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |