കൊച്ചി: ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളിലടക്കം വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് (വി.എൽ.ടി.ഡി) നിർബന്ധമാക്കിയ സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയിൽ ഹർജി. പശ്ചിമകൊച്ചിയിലെ എ ടു സെഡ് ഡ്രൈവിംഗ് സ്കൂൾ പാർട്ണർ ടി.കെ. രാധാമണിയടക്കം നൽകിയ ഹർജിയിൽ ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും ട്രാൻസ്പോർട്ട് കമ്മിഷണറുടെയും വിശദീകരണം തേടി.
ഡ്രൈവിംഗ് സ്കൂളുകളുടെ ഹെവി വാഹനങ്ങളെ നിബന്ധനയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേരള മോട്ടോർ വാഹനച്ചട്ടം 151എ പ്രകാരമാണ് സർക്കാർ എല്ലാ പൊതു ഗതാഗത വാഹനങ്ങൾക്കും ചരക്കുവാഹനങ്ങൾക്കും വി.എൽ.ടി.ഡി/ജി.പി.എസ് നിർബന്ധമാക്കിയത്. ചരക്കുവാഹനങ്ങളുടെ നിർവചനത്തിൽ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളും ഉൾപ്പെടുത്തി.
എന്നാൽ, കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഇതിനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. കേന്ദ്രം പൊതുഗതാഗത വാഹനങ്ങൾക്ക് മാത്രമാണ് വി.എൽ.ടി.ഡി നിർബന്ധമാക്കിയിട്ടുള്ളത്. ഡ്രൈവിംഗ് സ്കൂളുകളുടെ ഹെവി വാഹനങ്ങൾ നിശ്ചിത ആർ.ടി.ഒ പരിധിയിൽ ട്രെയിനിംഗിന് മാത്രം ഉപയോഗിക്കുന്നതാണ്. അതിനാൽ, ഒഴിവാക്കണമെന്നാണ് ആവശ്യം. ഹർജിയിൽ ആഗസ്റ്റ് 27ന് വാദം കേൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |